
വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വായ്പനയത്തിലാണ് പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് മാറ്റം വരുത്താതിരുന്നത്.
വായ്പ അവലോകന സമിതിയിലെ എല്ലാവരും തീരുമാനത്തെ അനുകൂലിച്ചുവെന്നും ഫെഡറൽ റിസർവ് അറിയിച്ചു.
യു.എസിൽ പലിശനിരക്ക് 5.25 ശതമാനം മുതൽ 5.5 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് ഫെഡറൽ റിസർവ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഏഴാം തവണയാണ് പലിശനിരക്കിൽ മാറ്റം വരുത്താത്ത നടപടിയുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നത്.
ഈ വർഷം ഒരിക്കലെങ്കിലും പലിശനിരക്കിൽ ഫെഡറൽ റിസർവ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം രണ്ട് തവണ പലിശനിരക്ക് കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാവില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, യു.എസിൽ പണപ്പെരുപ്പം കുറയുകയാണ്. തുടർച്ചയായ രണ്ടാം മാസമാണ് യു.എസിൽ പണപ്പെരുപ്പത്തിൽ കുറവ് രേഖപ്പെടുത്തുന്നത്.
വരും മാസങ്ങളിൽ പലിശനിരക്ക് കുറക്കുന്നതിന് ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.