ന്യൂയോർക്ക്: ലോകത്തിനുതന്നെ ആകെ ആശങ്കയായി മുൻമാസങ്ങളിൽ 40 വർഷത്തെ ഉയരത്തിലെത്തിയ അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം ജൂലായിൽ പ്രതീക്ഷയുടെ വെളിച്ചവുമായി താഴേക്കിറങ്ങി. ജൂണിലെ 9.1 ശതമാനത്തിൽ നിന്ന് ജൂലായിൽ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്.
ഇന്ധനവില (ഗ്യാസ്) ഗാലോണിന് ജൂണിലെ അഞ്ചുഡോളറിൽ നിന്ന് ജൂലായിൽ നാലുഡോളറായതാണ് നാണയപ്പെരുപ്പം താഴാൻ മുഖ്യകാരണം. അതേസമയം, നാണയപ്പെരുപ്പം പിടിച്ചുനിറുത്താൻ തുടർച്ചയായി പലിശനിരക്ക് കൂട്ടുന്ന നടപടിയിൽ നിന്ന് കേന്ദ്രബാങ്കായ ഫെഡറൽ ബാങ്ക് പിന്നോട്ടില്ലെന്നാണ് സൂചനകൾ. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം 10.9 ശതമാനമാണ്. 1979ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണിത്. ഹോട്ടൽ വാടക, ചികിത്സാച്ചെലവ്, വാഹനവില, വാഹന ഇൻഷ്വറൻസ്, വൈദ്യുതി എന്നിവയുടെ നിരക്കും ഉയർന്നിട്ടുണ്ട്.