
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക് ഗൃഹോപകരണ മേഖലയിലെ മുൻനിര കമ്പനികളിലൊന്നായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളുടെ പട്ടികയില്‍ ഇടം നേടി.
സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ന്യൂസ് വീക്കിന്റെ ഏറ്റവും വിശ്വസനീയമായ കമ്പനികളുടെ ഈ വർഷത്തെ പട്ടികയിലാണ് കമ്പനി ഇടം പിടിച്ചത്. ഗുണനിലവാരം, സുതാര്യത, വിശ്വാസ്യത എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്ന വി-ഗാർഡിന് ആഗോള തലത്തില്‍ അപ്ലയൻസസ്, ഗൃഹോപകരണ, ഇലക്‌ട്രോണിക്സ് വിഭാഗത്തിലാണ് ഈ ബഹുമതി ലഭിച്ചത്.
ഈ ആഗോള അംഗീകാരം വി-ഗാർഡിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 70,000-ത്തിലധികം പേരാണ് ഈ സ്വതന്ത്ര സർവേയില്‍ പങ്കെടുത്തത്. നിക്ഷേപകർ, ജീവനക്കാർ എന്നിവരില്‍ നിന്നുള്ള വിലയിരുത്തലുകളും സർവേയില്‍ ഉള്‍പ്പെടുന്നു.
വർഷങ്ങളായി ജനങ്ങള്‍ അർപ്പിക്കുന്ന വിശ്വാസം ശക്തിപ്പെടുത്താൻ ഈ ബഹുമതി പ്രചോദനമാണെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.