
മുംബൈ: ഓൺലൈൻ മാർക്കറ്റ് പ്ലേസായ ലൈംറോഡിനെ ഏറ്റെടുക്കുമെന്ന് ഫാഷൻ റീട്ടെയ്‌ലറായ വി-മാർട്ട് റീട്ടെയിൽ ലിമിറ്റഡ് അറിയിച്ചു. ഈ ഇടപാട് ഓമ്‌നി-ചാനൽ വിഭാഗത്തിൽ അവരുടെ സാന്നിധ്യം വിപുലീകരിക്കാൻ കമ്പനിയെ സഹായിക്കും.
ഏറ്റെടുക്കലിനായി കമ്പനി എ എം മാർക്കറ്റ്‌പ്ലെയ്‌സുമായി (ലൈംറോഡ്) ഒരു ബിസിനസ് ട്രാൻസ്ഫർ കരാർ ഒപ്പുവച്ചതായി വി-മാർട്ട് റീട്ടെയിൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 31.12 കോടി രൂപയ്ക്കാണ് നിർദിഷ്ട ഏറ്റെടുക്കൽ.
2022 സാമ്പത്തിക വർഷത്തിൽ ലൈംറോഡ് 69.31 കോടി രൂപയുടെ അറ്റവരുമാനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ലൈംറോഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും സുസ്ഥിരമായ ലാഭം കൈവരിക്കാനും 150 കോടി രൂപ നിക്ഷേപിക്കാൻ വി-മാർട്ട് പദ്ധതിയിടുന്നു.
ഇടപാടോടെ ലൈംറോഡിന്റെ സഹസ്ഥാപകനായ സുചി മുഖർജി, ഓമ്‌നി-ചാനൽ ബിസിനസ് സിഇഒ അങ്കുഷ് മെഹ്‌റ എന്നിവർ വി-മാർട്ടിന്റെ നേതൃത്വ ടീമിൽ ചേരും.