
തിരുവനന്തപുരം: ആഗോള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥാ റിപ്പോർട്ടിൽ (ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട്-ജിഎസ്ഇആർ) കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യത്തിന്റെ വർധന ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികം രേഖപ്പെടുത്തി.
2019- 2021 കാലയളവിനും 2021-2023 കാലയളവിനും ഇടയിൽ ആരംഭിച്ച കന്പനികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ മൂല്യത്തിലെ വർധനവ് ജിഎസ്ഇആർ കണക്കാക്കുന്നത്. 14203 കോടിയിൽപരം രൂപയാണ് (1.7 ശതകോടി ഡോളർ) കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം.
അഫോർഡബിൾ ടാലന്റ് (താങ്ങാവുന്ന വേതനത്തിൽ മികച്ച പ്രതിഭകളെ ലഭിക്കുന്ന) വിഭാഗത്തിൽ ഏഷ്യയിൽ നാലാം സ്ഥാനം കേരളത്തിനാണ്.
ഏഷ്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, വെഞ്ച്വർ മൂലധന സമാഹരണം എന്നിവയിൽ ആദ്യ 30 ലാണ് കേരളത്തിന്റെ സ്ഥാനം. വിജ്ഞാനം, നിക്ഷേപം, അവതരണം എന്നിവയിൽ ഏഷ്യയിലെ ആദ്യ 35നുള്ളിലും കേരളത്തിന് എത്താൻ കഴിഞ്ഞിട്ടുണ്ട്.