ചെന്നൈ: ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ചെയർകാർ തീവണ്ടികളുടെ നിർമാണം തത്കാലം നിർത്തുന്നു. ഇനി 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുള്ള തീവണ്ടികളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും.
ദക്ഷിണേന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ മാത്രമാണ് കൂടുതൽ യാത്രക്കാരുള്ളത്. വടക്കേ ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് ചെയർകാർ തീവണ്ടികളിൽ 50-നും 60 ശതമാനത്തിനുമിടയിൽ യാത്രക്കാർ മാത്രമേയുള്ളു.
വടക്കേ ഇന്ത്യയിലെ യാത്രക്കാരുടെ ഇടയിൽ തരംഗമാകാൻ വന്ദേഭാരതിന് കഴിഞ്ഞിട്ടില്ല. നിർമാണം പൂർത്തിയായ പത്ത് വന്ദേഭാരത് ചെയർകാർ തീവണ്ടികൾ പെരമ്പൂർ ഇന്റഗ്രൽ കോച്ചു ഫാക്ടറിയിലുണ്ട്. അവ എപ്പോൾ സർവീസ് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വന്ദേഭാരതിന് സ്വീകാര്യത കുറഞ്ഞതോടെയാണ് പൂർണമായും സ്ലീപ്പർ കോച്ചുകളിലേക്ക് മാറാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 35,000 കോടി ചെലവിൽ 24 കോച്ചുകളുള്ള 80 സ്ലീപ്പർ വന്ദേഭാരത് തീവണ്ടികൾ നിർമിക്കും.
തീവണ്ടികളുടെ 35 വർഷത്തേക്കുള്ള പരിപാലനവും ആർ.വി.എൻ.എൽ. (റെയിൽവേ വികാസ് നിഗം ലിമിറ്റഡ്) തന്നെയാണ് നിർവഹിക്കുക.
ഇതിനായുള്ള ടെൻഡർ ആർ.വി.എൻ.എല്ലിന് കൈമാറി. റഷ്യൻ എൻജിനിയറിങ് കമ്പനിയായ മെട്രോവാഗൺമാഷിന്റെ സാങ്കേതിക സഹകരണത്തോടെ മഹാരാഷ്ട്രയിലെ ലത്തൂർ കോച്ച് ഫാക്ടറിയിലാണ് ഇവ നിർമിക്കുക.
തീവണ്ടിയുടെ മാതൃക ഈ വർഷംതന്നെ നിർമിക്കും. ഇതു തയ്യാറായാൽ ഒരു വർഷത്തിനുശേഷം 25 വന്ദേഭാരത് തീവണ്ടികൾ പുറത്തിറക്കും.
ജോധ്പുർ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ വന്ദേഭാരത് തീവണ്ടികളുടെ പരിപാലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.