ചെന്നൈ: ഇന്ത്യൻ റെയിൽവെയുടെ തലവര മാറ്റിക്കൊണ്ട് 2019 ഫെബ്രുവരി 15ന് ആണ് വന്ദേഭാരത് എക്സ്പ്രസ് രാജ്യത്ത് സർവീസ് ആരംഭിച്ചത്. ആദ്യ സർവീസ് ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ വന്ദേഭാരത് എക്സ്പ്രസ് വൻ വിജയമാണ് നേടിയെടുത്തതെന്ന് റിപ്പോർട്ട്.
ഏപ്രിൽ 2023 മുതൽ മാർച്ച് 2024 വരെയുള്ള സാമ്പത്തിക വർഷത്തിൽ നടത്തിയ മുഴുവൻ ട്രിപ്പുകളിൽ 105.7 ശതമാനം ഒക്ക്യുപ്പെൻസി റേറ്റ് കൈവരിക്കാൻ വന്ദേഭാരത് എക്സ്പ്രസിന് സാധിച്ചു.
ഇന്ത്യൻ റെയിൽവെ പുറത്തുവിട്ട കണക്ക് പ്രകാരം ഈ കാലയളവിൽ 18,423 ട്രിപ്പുകളാണ് വന്ദേഭാരത് എക്സ്പ്രസ് നടത്തിയത്. ആവശ്യാനുസരണം ഓടുന്ന ചില സർവീസുകൾക്ക് പുറമെ 102 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.
ഈ ട്രെയിനുകൾ ആരംഭിച്ച ദിവസം മുതൽ 2024 മാർച്ച് 31 വരെ 1.24 കോടി കിലോമീറ്റർ ദൂരം പിന്നിട്ടു. വന്ദേഭാരത് എക്സ്പ്രസിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത സംസ്ഥാനം കേരളമാണ്. 175.3 ശതമാനമാണ് കേരളത്തിലെ ഒക്യുപ്പെൻസി നിരക്ക്.
കൂടാതെ ഏറ്റവും കൂടുതൽ മുതിർന്ന പൗരന്മാർ യാത്ര ചെയ്ത ട്രെയിനും വന്ദേഭാരത് എക്സ്പ്രസാണ്. 15.7 ശതമാനം മുതിർന്ന പൗരന്മാരാണ് യാത്ര ചെയ്തത്.
26 മുതൽ 45 വരെ പ്രായമുള്ള 45.9 ശതമാനം യാത്രക്കാരാണ് ഈ കാലയളവിൽ യാത്ര ചെയ്തതെന്നും ഇന്ത്യൻ റെയിൽവെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാരുടെ മൊത്തം ശതമാനം 61.7% ആണ്.
ഇതിൽ ഏറ്റവും കൂടുതൽ പുരുഷ യാത്രക്കാരുള്ളത് ജാർഖണ്ഡിലാണ്. 67 ശതമാനം പുരുഷ യാത്രക്കാരാണ് ജാർഖണ്ഡിൽ സർവീസ് നടത്തുന്ന വന്ദേഭാരതിൽ യാത്ര ചെയ്തത്. ആകെ 38.3 ശതമാനം സ്ത്രീകളാണ് യാത്രക്കാർ. ഗോവയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ യാത്ര ചെയ്തത്, 42 ശതമാനം.
രാജ്യത്ത് റെയിൽവെ മേഖലയിൽ വിപ്ലവം കൊണ്ടുവന്ന സർവീസുകളാണ് വന്ദേഭാരത്. വേഗതയ്‌ക്കൊപ്പം യാത്രക്കാർക്ക് ആഡംബര സൗകര്യങ്ങളും വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നുണ്ട്.
16 കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസുകൾക്ക് സുരക്ഷാ സംവിധാനമായ കവച് ഏർപ്പെടുത്തിയിട്ടുണ്ട്. 160 കിലോ മീറ്റർ വേഗതയിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്.
പൂർണ്ണമായും സീൽ ചെയ്ത ഗ്യാങ്‌വേ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, എർഗണോമിക് സീറ്റുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിംഗ് സീറ്റുകളുള്ള സുഖപ്രദമായ ഇരിപ്പിടങ്ങൾ, മികച്ച യാത്രാ സൗകര്യം, എല്ലാ സീറ്റിനും മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഹോട്ട് കെയ്സ്, ബോട്ടിൽ കൂളർ, ഡീപ് ഫ്രീസർ എന്നിങ്ങനെ വൻ സൗകര്യങ്ങളാണ് വന്ദേഭാരതിനുള്ളത്.