
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഈ വർഷം അവസാനം സർവീസ് ആരംഭിക്കും. പത്ത് സ്ലീപ്പർ ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) രൂപകൽപ്പന ചെയ്ത ട്രെയിന്‍ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് (ബിഇഎംഎൽ) നിർമ്മിക്കുന്നത്.
പത്ത് സ്ലീപ്പർ ട്രെയിനുകളിൽ ആദ്യത്തേത് വടക്കൻ റെയിൽവേയ്ക്കാണ് ലഭിക്കുക. ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുന്ന ട്രെയിന്‍ തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം റൂട്ടിലായിരിക്കും സർവീസ് നടത്തുക.
എയർ കണ്ടീഷൻ ചെയ്ത കമ്പാർട്ടുമെന്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, സമഗ്രമായ സുരക്ഷാ, സംരക്ഷണ സംവിധാനം (കവച്) തുടങ്ങിയ പ്രത്യേകതകളോടെയാണ് ട്രെയിന്‍ എത്തുന്നത്.
സവിശേഷതകള്‍
ഏകദേശം 1,128 പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാനാകും. ഓരോ കോച്ചിലും ജിപിഎസ്-പ്രാപ്‌തമാക്കിയ എൽഇഡി ഡിസ്‌പ്ലേകളും പ്രത്യേക വായനാ ലൈറ്റുകളും ഉൾപ്പെടുത്തും.
ടോയ്‌ലറ്റുകൾ, ബെർത്തുകൾ തുടങ്ങിയവ അത്യാധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്‌തവ ആയിരിക്കും.
പ്രത്യേക പരിഗണന ആവശ്യമുള്ള ആളുകള്‍ക്ക് ബെർത്തുകൾ, ടോയ്‌ലറ്റുകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും. ഓൺബോർഡ് കാറ്ററിംഗ് സേവനങ്ങൾക്കായി മോഡുലാർ പാൻട്രി ട്രെയിനില്‍ ഉണ്ടാകും.
തിരുവനന്തപുരം–ബംഗളൂരു, കന്യാകുമാരി–ശ്രീനഗർ (കൊങ്കൺ റൂട്ട്) എന്നീ പാതകളിലൂടെയും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ വേണമെന്ന ആവശ്യവും ശക്തമാണ്.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് വേഗത കൂടുതലായതിനാല്‍ ദീർഘദൂര യാത്രകളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ സഹായകരമാകുമെന്നാണ് കരുതുന്നത്.