ആധുനിക സൗകര്യങ്ങളോടു കൂടിയ അൾട്രാ മോഡേൺ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലെ (Ultra – Modern Sleeper Version) ആദ്യ സെറ്റ് ട്രെയിനുകൾ മാർച്ച് മാസത്തോടെ രാജ്യത്ത് പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
പ്രാരംഭ ഘട്ടത്തിൽ പത്ത് സെറ്റ് ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രെയിൻ കോച്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.
വന്ദേ ഭാരതിന്റെ ചെയർ കാർ മോഡലുകൾ രാജ്യത്തെ 39 റൂട്ടുകളിലായി നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഡൽഹി – മുംബൈ, ഡൽഹി – ഹൗറ, ഡൽഹി – പാട്ന എന്നീ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലെ രാത്രികാല യാത്രകളിലാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആദ്യ സർവീസുകൾ നടത്തുക.
ഏപ്രിൽ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ആദ്യ സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് സമ്പൂർണ സർവീസ് നടത്തുമെന്നാണ് വിവരം. ഈ വർഷം ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം റെയിൽവേ ആരംഭിച്ചേക്കും.
ഗുണനിലവാരത്തിലും, സുരക്ഷയിലും സ്ലീപ്പർ ട്രെയിനുകൾ അന്താരാഷ്ട്ര നിലവാരം പുലർത്തുമെന്നും കൂടാതെ കവച് (Kavach) സംവിധാനമുള്ള ഈ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് കയറ്റി അയക്കാൻ കഴിയുമെന്ന് കരുതുന്നതായും അവർ പറഞ്ഞു. 850 ബെർത്തുകൾ ഉൾകൊള്ളുന്ന 16 AC1 ടയർ (Tier) കോച്ചുകൾ ഓരോ ട്രെയിനിലും ഉണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു. പ്രത്യേകമായ ലൈറ്റിങ് സംവിധാനങ്ങൾ ഉൾപ്പെടുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും ഇന്റഗ്രൽ കോച്ച് ഫെക്ടറിയും ചേർന്നാണ് നിർമ്മിക്കുന്നത്.