ന്യൂഡൽഹി: വന്ദേ ഭാരത് അടക്കമുള്ള പുതിയ അതിവേഗ ട്രെയിനുകളുടെ ചിറകിലേറി ഐആർസിടിസി വളരുമെന്ന് കമ്പനിയുടെ ചെയർമാനും എംഡിയുമായ സഞ്ജയ് കുമാർ ജയിൻ. ഇനി ഇന്ത്യൻ റെയിൽവേയെ നയിക്കുക അതിവേഗ ട്രെയിനുകളാണ്. ഇത്തരം ട്രെയിനുകളിൽ നിന്ന് ഐആർസിടിസിക്ക് ദീർഘകാല നേട്ടങ്ങൾ ഉണ്ടാക്കാനാകും.
കമ്പനിയുടെ ഏറ്റവും വലിയ ഒന്നാംപാദ പ്രകടനമാണ് 2024ൽ സംഭവിച്ചിരിക്കുന്നതെന്ന് ജയിൻ പറഞ്ഞു. ടൂറിസം ഒഴികെയുള്ള എല്ലാ സെഗ്മെന്റുകളും മികച്ച നേട്ടം കൊയ്തു. ടൂറിസം മേഖലയിൽ പൊതുവിലുള്ള മാന്ദ്യമാണ് തിരിച്ചടിയായത്.
കോവിഡ് കാലത്തേറ്റ തിരിച്ചടി ഇപ്പോഴും തുടരുകയാണ്. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വലിയ വളർച്ചയാണ് സംഭവിക്കുന്നതെന്ന് ജയിൻ പറഞ്ഞു. റെയിൽവേ അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപിക്കാൻ ആളുകൾ തയ്യാറാകുന്നു. നല്ല വളർച്ച ഈ മേഖലയിൽ കാണാം.
അതെസമയം കൂടുതൽ വന്ദേ ഭാരത് സർവ്വീസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താൻ തയ്യാറെടുക്കുകയാണ് റെയിൽവേ. വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പുകൾ അധികം താമസിയാതെ പുറത്തിറങ്ങും.
പത്ത് സ്ലീപ്പർ ട്രെയിനുകളാണ് ആദ്യം പുറത്തെത്തുക. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പത്ത് വന്ദേ ഭാരത് സ്ലീപ്പറുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം അന്തിമ ഘട്ടത്തിലാണുള്ളത്.
16 കോച്ചുകളടങ്ങിയ സ്ലീപ്പർ ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറങ്ങുന്നത്. 24 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിനുകളും പിന്നാലെയെത്തും. രണ്ടുതരം ട്രെയിനുകളുടെയും നിർമ്മാണ കരാർ ഐസിഎഫിന് ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം 25 അമൃത് ഭാരത് ട്രെയിനുകളും പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നുണ്ട്. ഇടത്തരക്കാരെ ലക്ഷ്യം വെച്ചാണ് അമൃത് ഭാരത് വരുന്നത്. നോൺ ഏസി കോച്ചുകളാണ് ഇവയിലുണ്ടാവുക.
22 കോച്ചുകളുള്ള അമൃതേ ഭാരത് ട്രെയിൻ കഴിഞ്ഞ വർഷം അവസാനം തന്നെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.