
ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യതീവണ്ടി ഈമാസം അവസാനത്തോടെ പുറത്തിറങ്ങും. തീവണ്ടിക്ക് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) വൃത്തങ്ങള്‍ പറഞ്ഞു.
വന്ദേഭാരത് ചെയർകാറിനായി നിർമിച്ച തീവണ്ടിയിലാണ് സ്ലീപ്പർ ബെർത്തുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വെള്ളം ശേഖരിക്കാനുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്തിയതിനാല്‍ കോച്ചുകളുടെ ഭാരം വർധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ 130-180 കിലോമീറ്റർ വേഗത്തിലോടാവുന്ന തീവണ്ടിക്ക് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് പെരമ്പൂർ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ ഉന്നത വൃത്തങ്ങളും അറിയിച്ചു. പരമാവധി 130 കിലോമീറ്റർ വേഗത്തിലേ ഓടാനാവൂ.
റെയില്‍വേ സുരക്ഷാ കമ്മിഷണർ പരിശോധിക്കുന്നതിനു മുൻപുള്ള നടപടിക്രമങ്ങള്‍ ആർ.ഡി.എസ്.ഒ. പൂർത്തീകരിച്ചുകൊണ്ടിരിക്കയാണ്. കോച്ചുകളില്‍ മണല്‍നിറച്ച ചാക്കുകള്‍ കയറ്റി ഓടിച്ച് പരിശോധന നടത്തുകയാണ്.
എല്ലാ പരിശോധനകളും നടത്തിയശേഷം യാത്രയ്ക്ക് സജ്ജമാണോയെന്ന് ഉറപ്പു വരുത്തും. പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും റെയില്‍വേ സേഫ്റ്റി കമ്മിഷണർക്ക് കൈമാറും. അത് പരിശോധിച്ചതിനു ശേഷം സേഫ്റ്റി കമ്മിഷണർ ട്രയല്‍ റണ്‍ നടത്തും.
അപ്പോള്‍ തീവണ്ടി പരമാവധി വേഗത്തിലായിരിക്കും സഞ്ചരിക്കുക. തുടർന്നായിരിക്കും റെയില്‍വേയ്ക്ക് കൈമാറുക.
ഐ.സി.എഫിനുവേണ്ടി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ് (ബെമല്‍) സ്ലീപ്പർ കോച്ചുകള്‍ നിർമിക്കുന്നത്. ആദ്യതീവണ്ടി 2024 ഒക്ടോബർ നാലിന് കൈമാറിയിരുന്നു. മൂന്നുമാസമായി ട്രാക്കിലിറക്കാനുള്ള നടപടികള്‍ പൂർത്തീകരിച്ചുകൊണ്ടിരിക്കയാണ് ഐ.സി.എഫ്.
16 കോച്ചുകള്‍ അടങ്ങിയ പത്ത് വന്ദേഭാരത് തീവണ്ടികള്‍ നിർമിക്കാൻ 2023-ലാണ് ഐ.സി.എഫ്. ബെമലിന് ഉപകരാർ നല്‍കിയത്.