
മുംബൈ: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ ലാഭം റിപ്പോർട്ട് ചെയ്ത് വരുൺ ബിവറേജസ് ലിമിറ്റഡ് (വിബിഎൽ). 2022 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 59 ശതമാനം ഉയർന്ന് 381 കോടി രൂപയായി. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 240 കോടി രൂപയായിരുന്നു.
അതേപോലെ, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 2,440.4 കോടിയിൽ നിന്ന് 33 ശതമാനം വർധിച്ച് 3,248 കോടി രൂപയായി ഉയർന്നു. പെപ്‌സികോ ബ്രാൻഡഡ് പാനീയങ്ങളായ മിറിൻഡ, മൗണ്ടൻ ഡ്യൂ, ട്രോപ്പിക്കാന എന്നിവ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് വരുൺ ബിവറേജസ്.
പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള കമ്പനിയുടെ വരുമാനം (EBITDA) 699 കോടിയായി ഉയർന്നപ്പോൾ ഇബിഐടിഡിഎ മാർജിൻ 20.2% ൽ നിന്ന് 21.5% ആയി. അനുകൂലമായ ഡിമാൻഡ് അന്തരീക്ഷവും തങ്ങളുടെ എനർജി ഡ്രിങ്കായ സ്റ്റിംഗിന്റെ ശക്തമായ പ്രകടനവും വഴി ഇന്ത്യയിലെ ബിസിനസ്സ് 22% വോളിയം വളർച്ച കൈവരിച്ചതായി വരുൺ ബിവറേജസ് ലിമിറ്റഡ് ചെയർമാൻ രവി ജയ്പുരിയ പറഞ്ഞു.
കമ്പനിയുടെ മൊറോക്കോ ബിസിനസ്സ് ജനുവരി മുതൽ രാജ്യത്ത് ലെയ്സ്, ഡോറിറ്റോസ്, ചീറ്റോസ് തുടങ്ങിയ നിരവധി പെപ്‌സികോ ചിപ്‌സ് ബ്രാൻഡുകളുടെ വിതരണവും വിൽപ്പനയും ആരംഭിക്കുമെന്ന് വരുൺ ബിവറേജസ് അറിയിച്ചു.