
മുംബൈ: ഛത്തീസ്ഗഡിലെ കൽക്കരി ബ്ലോക്കിനായുള്ള ലേലത്തിൽ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബാൽകോ വിജയിച്ചതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. സർക്കാർ നടത്തിയ നാലാം റൗണ്ട് വാണിജ്യ കൽക്കരി ഖനി ലേലത്തിൽ ഖനിയുടെ വിജയകരമായ ലേലക്കാരനായി കമ്പനി ഉയർന്നു വന്നു.
ലോജിസ്റ്റിക്കൽ ലൊക്കേഷൻ കണക്കിലെടുത്ത് കൽക്കരി ബ്ലോക്ക് ബാൽകോയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നും. ഖനി പ്രവർത്തനക്ഷമമായാൽ ഇന്ധന സുരക്ഷ നൽകുകയും വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കുകയും ബാൽകോയുടെ പ്രവർത്തനങ്ങളും പ്രകടനവും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും വേദാന്ത ബിഎസ്ഇക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു.
ബ്ലോക്കിൽ 900 ദശലക്ഷം ടൺ കരുതൽ ശേഖരം കണക്കാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായി 1965 ൽ രൂപീകൃതമായ കമ്പനിയാണ് ബാൽകോ. 2001-ൽ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിന്റെ (ബാൽക്കോ) 51 ശതമാനം ഓഹരികൾ വേദാന്ത ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കേന്ദ്രം വിറ്റഴിച്ചു. ശേഷിക്കുന്ന 49 ശതമാനം ഓഹരി കേന്ദ്രത്തിന്റേതാണ്.