നാല് വർഷം കൊണ്ട് ഇന്ത്യയില്‍ 20 ബില്യൺ ഡോളറിന്‍റെ (ഏകദേശം 1.66 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. നിലവിലുള്ളവയ്ക്ക് പുറമെ ടെക്നോളജി, ഇലക്ട്രോണിക്സ്, ഗ്ലാസ് ബിസിനസുകളിലാവും നിക്ഷേപം.
സെമി കണ്ടക്ടർ, മൊബൈൽ/ലാപ്ടോപ് സ്ക്രീൻ എന്നിവയ്ക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലാണ് വേദാന്ത സെമികണ്ടക്ടർ പ്ലാന്‍റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ അതിനായി പങ്കാളികളെ തേടുകയാണ് കമ്പനി. നേരത്തെ തായ്‌വാൻ സെമികണ്ടക്ടർ കമ്പനി ഫോക്സ്കോണുമായി സംയുക്ത സംരംഭം തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇന്ത്യയ്ക്ക് പുറത്താണ് ഇപ്പോൾ വേദാന്തയുടെ ഗ്ലാസ് നിർമാണം. താമസിയാതെ ഇന്ത്യയിലേക്കു നിർമാണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
പ്രതീക്ഷിക്കുന്ന വില ലഭിച്ചാൽ മാത്രമേ സ്റ്റീൽ ബിസിനസ് വേദാന്ത വിൽക്കുകയുള്ളൂ എന്നും അനിൽ അഗർവാൾ വ്യക്തമാക്കി. അല്ലാത്ത പക്ഷം സ്റ്റീൽ മേഖലയിൽ തുടരാനാണ് വേദാന്തയുടെ തീരുമാനം. 12 ബില്യൺ ഡോളറിന്‍റെ കടബാധ്യതയാണ് വേദാന്ത ഗ്രൂപ്പിനുള്ളത്.
2023–24 സാമ്പത്തികവർഷം 2,273 കോടി രൂപയായിരുന്നു വേദാന്തയുടെ അറ്റാദായം. സിങ്ക്, കോപ്പർ, അലൂമിനിയം തുടങ്ങിയവയുടെ വില ഇടിഞ്ഞതിനെ തുടർന്ന് മുൻവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 27 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്.
വരുമാനവും അറുശതമാനം ഇടിഞ്ഞ് 35,509 കോടിയിലെത്തി.