മുംബൈ: 8,000 കോടി രൂപയുടെ ടേം ലോണിന് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ 5.77 ശതമാനം ഓഹരി പണയം വെച്ചതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. സർക്കാരിന് വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ (HZL) തങ്ങളുടെ 29.5 ശതമാനം ഓഹരി വിൽക്കുന്നതിന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഹിന്ദുസ്ഥാൻ സിങ്ക് 2002 വരെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. 2002 ഏപ്രിലിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ 26 ശതമാനം ഓഹരികൾ സർക്കാർ, സ്റ്റെർലൈറ്റ് ഓപ്പർച്യുണിറ്റീസ് ആൻഡ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് 445 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഇതോടെ ഹിന്ദുസ്ഥാൻ സിങ്കിന്റെ മാനേജ്‌മെന്റ് നിയന്ത്രണം വേദാന്ത ഗ്രൂപ്പിന് ലഭിച്ചിരുന്നു.
വേദാന്ത ഗ്രൂപ്പ് പിന്നീട് വിപണിയിൽ നിന്ന് 20 ശതമാനവും 2003 നവംബറിൽ സർക്കാരിൽ നിന്ന് 18.92 ശതമാനവും വാങ്ങി ഹിന്ദുസ്ഥാൻ സിങ്കിലെ തങ്ങളുടെ ഉടമസ്ഥാവകാശം 64.92 ശതമാനമായി ഉയർത്തിയിരുന്നു. സിങ്ക്, ലെഡ്, സിൽവർ, കാഡ്മിയം എന്നിവയുടെ നിർമ്മാതാക്കളും, ലോകത്തിലെ രണ്ടാമത്തെ വലിയ സിങ്ക് ഉത്പാദക കമ്പനിയാണ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (HZL).