
ന്യൂഡല്‍ഹി: എന്‍കംബ്രന്‍സ് റിലീസ് വഴി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 100 മില്യണ്‍ ഡോളര്‍ തിരിച്ചടച്ചതായി വേദാന്ത ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ബാധ്യതകള്‍ നിറവേറ്റാന്‍ മതിയായ മാര്‍ഗങ്ങളുണ്ടെന്ന് വേദാന്ത റിസോഴ്‌സസ് നേരത്തെ പറഞ്ഞിരുന്നു.
മൈനിംഗ് ആന്‍ഡ് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ വേദാന്ത ലിമിറ്റഡിന്റെ പാരന്റിംഗ് കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ‘ട്വിന്‍ സ്റ്റാര്‍ ഹോള്‍ഡിംഗ് ലിമിറ്റഡ് (വായ്പ നേടിയ സ്ഥാപനം), വേദാന്ത റിസോഴ്സ് ലിമിറ്റഡ്, വെല്‍റ്റര്‍ ട്രേഡിംഗ് ലിമിറ്റഡ് (ഗ്യാരന്റര്‍മാര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് (സിംഗപ്പൂര്‍) ലിമിറ്റഡ് (വായാപാദാതാവ്) എന്നിവ തമ്മില്‍ 2022 സെപ്റ്റംബര്‍ 8 ന് ഒപ്പുവച്ചത് പ്രകാരമുള്ള വായ്പയിലാണ് തിരിച്ചടവ്. 100,000,000 ഡോളറാണ് മൊത്തം വായ്പ തുക.
ഇത്രയും തുക പൂര്‍ണമായും തീര്‍ത്തതോടെ ബാധ്യത ഒഴിവായി, വേദാന്ത ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു. മാര്‍ച്ച് 2023 ന് കാലാവധി തീരുന്ന വായ്പകളെല്ലാം തിരിച്ചടച്ചതായി വേദാന്ത അറിയിക്കുന്നു. ഇതിനായി 2 ബില്യണ്‍ യൂ.എസ് ഡോളര്‍ ആസ്തികള്‍ വിറ്റഴിച്ചു.
2023 ജൂണില്‍ അവസാനിക്കുന്ന പാദത്തില്‍ ലിക്വിഡിറ്റി ആവശ്യകതകള്‍ നിറവേറ്റാനാകുമെന്നും കമ്പനി അറിയിക്കുന്നു.