തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിക്കുന്നു. മറ്റുസംസഥാനങ്ങളിൽ ഉണ്ടായ കനത്ത മഴയും അതുമൂലം സംഭവിച്ച കൃഷിനാശവും വിലക്കയറ്റത്തെ സ്വാധീനിച്ചു. അരി 38 രൂപയില്‍ നിന്ന് 53 രൂപ ആയപ്പോൾ പച്ചക്കറികൾക്ക് മുപ്പതു രൂപ വരെയാണ് വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണസദ്യ ചെലവേറിയതാകും.
മഴ നശിപ്പിച്ച കൃഷിയിൽ നാടൻ പച്ചക്കറികളുടെ വരവ് കുറയുകയും പച്ചക്കറിയ്ക്ക് നമ്മൾ ആശ്രയിക്കുന്ന കര്‍ണാടകയിലും ആന്ധയിലും തമിഴ്നാട്ടിലും മഴപെയ്ത് കൃഷി നശിച്ചതും ഇത്തവണത്തെ ഓണത്തെ ബാധിച്ചു.
കാബേജ്, ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് അറുപത് രൂപയാണ് വില. വരുംദിവസങ്ങളിൽ ഇനിയും കൂടാനാണ് സാധ്യത. എല്ലാ അത്യാവശ്യ പച്ചക്കറി സാധനങ്ങൾക്കും വില കൂടിയിരിക്കുകയാണ്. പച്ചമുളകിന് മുപ്പത് രൂപയിൽ നിന്ന് എഴുപത് രൂപയും വറ്റൽ മുളകിന് 260ല്‍ നിന്ന് 300 ആയി വർദ്ധിച്ചു. കൂടെ തന്നെ അരിയ്ക്കും വില വർധിച്ചു.
ഓണം അടുക്കുംതോറും ഇനിയും വില കൂടാനാണ് സാധ്യത. സാധാരണക്കാർക്ക് ഈ ഓണക്കാലം ഏറെ വെല്ലുവിളികളാണ് ഉയർത്തുന്നത്. കടയിൽ സ്റ്റോക്ക് കുറവാണെന്നും വ്യാപാരികൾ പറയുന്നു.