ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന ജൂണ്‍ മാസത്തില്‍ 10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. അതില്‍ തന്നെ
ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, ട്രാക്ടറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയില്‍ യഥാക്രമം 7 ശതമാനം, 75 ശതമാനം, 5 ശതമാനം, 41 ശതമാനം, 0.5 ശതമാനം എന്നിങ്ങനെ വര്‍ദ്ധനവുണ്ടായി.അതേസമയം വാഹന റീട്ടെയില്‍ വില്‍പ്പന 8 ശതമാനം പ്രതിമാസ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് വില്‍പ്പനയില്‍ ഹ്രസ്വകാല കുറവ് സൂചിപ്പിക്കുന്നു.പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 41.09 ശതമാനം വിപണി വിഹിതവുമായി മാരുതി സുസുക്കി ഇന്ത്യയാണ് ഒന്നാമത്. 14.59 ശതമാനം വിപണി വിഹിതവുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും 13.47 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്തുമുണ്ട്.
കോവിഡിന് മുമ്പുള്ള നിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ -3 ശതമാനം നേരിയ ഇടിവുണ്ടായിട്ടും, മൊത്തത്തിലുള്ള റീട്ടെയില്‍ കണക്കുകള്‍ താരതമ്യേന മെച്ചപ്പെട്ടു, ഫാഡ അറിയിക്കുന്നു.
അതില്‍ ഇരുചക്ര വാഹന വില്‍പ്പന പക്ഷെ അപവാദമായി (-14 ശതമാനം). വാണിജ്യ വാഹന വില്‍പന ആദ്യമായി കോവിഡിന്റെ പ്രഭാവത്തില്‍ നിന്ന് പുറത്തുവരികയും 2019 ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.5 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തുകയും ചെയ്തു. പാസഞ്ചര്‍ വാഹന വിഭാഗം ഇന്‍വെന്ററി സമ്മര്‍ദ്ദങ്ങളും ഡിമാന്‍ഡ്-വിതരണ പൊരുത്തക്കേടുകളും നേരിടുന്നുണ്ടെന്നും ഫാഡ പറഞ്ഞു.
ഇത് ലാഭത്തെ ബാധിക്കുന്നു.പക്ഷേ വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഉത്തേജനം ദൃശ്യമായേക്കാം. ക്രമരഹിതമായ മണ്‍സൂണ്‍ വിളവെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ അതിന് ശേഷം അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നു. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ വില്‍പന.