
ന്യൂസ് അഗ്രഗേറ്റർ കമ്പനിയായ ഡെയ്ലി ഹണ്ട്, ഷോർട് വീഡിയോ പ്ലാറ്റ്ഫോം ജോഷ് എന്നിവയുടെ മാതൃ കമ്പനിയായ വെർസെ ഇനൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് (VerSe Innovation Pvt. Ltd) ജോലിക്കാരെ പിരിച്ചു വിടാൻ തീരുമാനമെടുത്തതായി വാർത്താ പ്ലാറ്റ്ഫോമായ ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ഡിഎൻഎ റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങൾ താഴെ നൽകിയിരിക്കുന്നു.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 150 ജോലിക്കാരെയാണ് പിരിച്ചു വിടുക. ഇത് ആകെ ജോലിക്കാരുടെ 5 ശതമാനമാണ്. ജോലിക്കാരുടെ മിഡ് ഇയർ പ്രകടനം റിവ്യൂ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണിത്.
അഞ്ച് ബില്യൺ യുഎസ് ഡോളർ വാല്യുവേഷനിൽ 805 മില്യൺ യുഎസ് ഡോളർ, കമ്പനി സമാഹരിച്ചിരുന്നു. തുടർന്ന് ജോലിക്കാരുടെ ശമ്പളം കട്ട് ചെയ്യാനും തീരുമാനമെടുത്തു.
വാർഷകാടിസ്ഥാനത്തിൽ 10 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്തും.
കമ്പനിയുടെ സഹസ്ഥാപകരായ വീരേന്ദ്ര ഗുപ്ത, ഉമാങ് ബേദി എന്നിവർ യോഗത്തിൽ അവതരണം നടത്തി. അടുത്ത വർഷം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും, ഇപ്പോഴത്തെ നടപടി ബിസിനസിനെ കൂടുതൽ പ്രായോഗികമാക്കി മാറ്റുമെന്നും അവർ ജോലിക്കാരെ ഓർമിപ്പിച്ചു.
വർഷത്തിന്റെ മധ്യത്തിൽ കമ്പനി നടത്താറുള്ള പെർമോർമൻസ് റിവ്യൂ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പിരിച്ചു വിടൽ. ചിലവ് കുറയ്ക്കാൻ ഇത് കമ്പനിയെ സഹായിക്കും.
ദീർഘകാലാടിസ്ഥാനത്തിൽ ലാഭം വർധിപ്പിക്കാൻ ശമ്പളം കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. ജോലിക്കാരുമായി ബന്ധപ്പെട്ട് വിവേകപൂർണമായ തീരുമാനങ്ങളെടുക്കാനാണ് കമ്പനിക്ക് താല്പര്യം.
വാർഷികാടിസ്ഥാനത്തിൽ 10 ലക്ഷം രൂപയോ, അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവരുടെ സാലറിയിൽ 11% കുറവ് വരുത്തും.
റിപ്പോർട്ടുകൾ പ്രകാരം വെർസെ ഇനൊവേഷൻ, വലിയ തോതിൽ നിക്ഷേപം നടത്തിയിരിക്കുന്നത് ജോഷ് എന്ന ഷോർട് വീഡിയോ പ്ലാറ്റ്ഫോമിലാണ്.
മെറ്റയുടെ ഇൻസ്റ്റഗ്രാം റീൽസ്, ഗൂഗിളിന്റെ യൂട്യൂബ് ഷോർട്സ്, ഷെയർ ചാറ്റിന്റെ മോജ്, ടകാടക് എന്നീ ഷോർട് വീഡിയോ ആപ്പുകളോടാണ് ജോഷ് മത്സരിക്കുന്നത്.
വലിയ കമ്പനികൾ നടത്തുന്ന ചിലവു ചുരുക്കലിന്റെ ഭാഗമായി നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകാണ്. ഈ ഗണത്തിലേക്ക് ഇപ്പോൾ വെർസെ ഇനൊവേഷനും സ്ഥാനം പിടിച്ചിരിക്കുന്നുവെന്നും ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.