ന്യൂഡല്‍ഹി: വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം തന്റെകൈയില്‍ നിന്ന് ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി രാജ്യം വിട്ട വിവാദവ്യവസായി വിജയ് മല്യ. വായ്പയെടുത്ത തുകയേക്കാള്‍ 8000 കോടി രൂപയിലധികം പിരിച്ചെടുത്തുവെന്നും വായ്പയേക്കാള്‍ ഇരട്ടിയിലധികം തുക തിരികെ പിടിച്ച ഇഡിക്കും ബാങ്കുകള്‍ക്കും എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.
മല്യയില്‍നിന്ന് 14131 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച പാർലമെന്റില്‍ അറിയിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് വിജയ് മല്യയുടെ ട്വീറ്റ്.
‘1200 കോടി രൂപ പലിശ ഉള്‍പ്പടെ, 6203 കോടി കിങ് ഫിഷർ എയർലൈൻസ് തിരിച്ചടയ്ക്കാനാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ വിധിച്ചത്. എന്നാല്‍ 14131 കോടി രൂപ ഇ.ഡി വഴി ബാങ്കുകള്‍ തിരികെ പിടിച്ചു എന്നാണ് ധനമന്ത്രി പാർലമെന്റില്‍ പറഞ്ഞത്.
കിങ്ഫിഷർ എയർലൈൻസ് വായ്പകളുടെ ജാമ്യക്കാരൻ എന്ന നിലയിലുള്ള എന്റെ ബാധ്യതകളെ കുറിച്ച് താൻ പറഞ്ഞിട്ടുള്ളതെന്തും നിയമപരമായി പരിശോധിക്കാവുന്നതാണ്. എന്നെ അധിക്ഷേപിക്കുന്നവർ ഉള്‍പ്പെടെ ആരെങ്കിലും ഈ നഗ്നമായ അനീതിയെ ചോദ്യം ചെയ്യുമോ?
എന്റെ പേരില്‍ സിബിഐ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് സർക്കാരും എന്റെ വിമർശകരും പറയുന്നത്. എന്ത് ക്രിമിനല്‍ കേസാണ് സിബിഐ രജിസ്റ്റർ ചെയ്തത്? ഒരിക്കലും ഒരു രൂപ പോലും കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല.
കിങ് ഫിഷർ എയർലൈൻസ് കമ്പനിയുടെ വായ്പകളുടെ ജാമ്യക്കാരൻ എന്ന നിലയിലാണ് സിബിഐ എന്നെ കുറ്റക്കാരനാക്കുന്നത്’, അദ്ദേഹം എക്സില്‍ കുറിച്ചു.
വിവിധ ബാങ്കുകളില്‍ നിന്നുള്ള 7000 കോടിരൂപ വായ്പയും പലിശയുമടക്കം 9000 കോടിരൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യവിട്ടത്. ഇതുവരെ മല്യ മുതല്‍ നീരവ് മോദിവരെയുള്ളവരുടെ 22,280 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന് ധനമന്ത്രി കഴിഞ്ഞദിവസം പാർലമെന്റില്‍ പറഞ്ഞിരുന്നു.
ലോക്സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിജയ് മല്യയ്ക്ക് പുറമെ രാജ്യം വിട്ട നീരവ് മോദിയുടെ 1053 കോടി തിരിച്ചെത്തിക്കാനായെന്നും മന്ത്രി പറഞ്ഞിരുന്നു.
നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 13,000 കോടി വെട്ടിച്ച് രാജ്യംവിട്ട മറ്റൊരു വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ സ്വത്തുക്കള്‍ വില്‍ക്കാൻ ഇഡിയും ബാങ്കുകളും ചേർന്ന് മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
ചോസ്കിയുടെ ഉള്‍പ്പെടെ ഇ.ഡി കണ്ടുകെട്ടിയ 2,566 കോടിയുടെ സ്വത്ത് വകകള്‍ മൂല്യനിർണയം നടത്തി ലേലം ചെയ്ത് വില്‍ക്കാനും അത് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് മാറ്റാനും കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.