രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്ശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വന് കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര് ഹിറ്റായി.
ഏപ്രില് 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷന് നേടിയതായാണ് റിപ്പോര്ട്ട്. 2004 ല് പുറത്തിറങ്ങിയപ്പോള് 50 കോടിയായിരുന്നു ‘ഗില്ലി’യുടെ കളക്ഷന്.
ഇന്ത്യയില് നിന്ന് നേടിയ 24 കോടിയില് 22-ഉം തമിഴ്നാട്ടിലെ തിയേറ്ററുകളില് നിന്നുമാണ് ലഭിച്ചത്. കര്ണാടകയില് 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂര്, മലേഷ്യ എന്നിവിടങ്ങളില് നിന്ന് 6.25 കോടിയും സ്വന്തമാക്കി.
ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ ‘അവതാര്’, ബോളിവുഡ് ചിത്രം ‘ഷോലെ’ എന്നീ സിനിമകള് വീണ്ടും റിലീസായപ്പോള് ലഭിച്ചിരുന്ന കളക്ഷന് റെക്കോഡാണ് ‘ഗില്ലി’ ഭേദിച്ചത്. 2009 ല് റിലീസായ അവതാര് 2012ല് റീറിലീസ് ചെയ്തപ്പോള് 18 കോടി കളക്ഷന് നേടിയിരുന്നു.
1975 ല് പുറത്തിറങ്ങിയ ‘ഷോലെ’ 2013 ല് ത്രി.ഡി.യില് അവതരിപ്പിച്ചപ്പോള് 13 കോടി കളക്ഷന് നേടി.
തമിഴ്നാട്ടില് കഴിഞ്ഞമാസം റിലീസ് ചെയ്ത ‘ക്യാപ്റ്റന് മില്ലര്’, ‘അയലാന്’, ‘ലാല് സലാം’ എന്നീ പുതിയ ചിത്രങ്ങള്ക്കു പിന്നാലെ കളക്ഷനില് നാലാം സ്ഥാനത്തെത്താനായതും ‘ഗില്ലി’ക്കു നേട്ടമായി.
വിജയ്ന്റെ താരമൂല്യവും പ്രമേയവുമാണ് ‘ഗില്ലി’യുടെ വിജയത്തിലെ പ്രധാനഘടകമെന്നാണ് വിലയിരുത്തല്. രണ്ടാംവരവില് ചിത്രം സൂപ്പര് ഹിറ്റാക്കുന്നതില് വിജയ് ആരാധകസംഘടനയും നിര്ണായകപങ്കു വഹിച്ചു.
‘ഗില്ലി’ക്കു പിറകെ വിജയിന്റെ ‘ഖുശി’, എന്ന ചിത്രവും വീണ്ടും റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ധരണി സംവിധാനം ചെയ്ത ‘ഗില്ലി’യില് തൃഷയാണ് നായിക. പ്രകാശ് രാജ്, നാഗേന്ദ്ര പ്രസാദ്, ആഷിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്.
വിദ്യാസാഗറിന്റേതാണ് സംഗീതം. ‘ഗില്ലി’യുടെ വന് വിജയം സിനിമകള് റീറിലീസ് ചെയ്യാന് നിര്മാതാക്കള്ക്കും പ്രചോദനമായി. ആദ്യ റിലീസില് പരാജയപ്പെട്ട് രണ്ടാംവരവോടെ ഹിറ്റായ സിനിമകളുടെ വിജയവും നിര്മാതാക്കളില് ഉന്മേഷമുണ്ടാക്കുന്നു.
സൂപ്പര് താരങ്ങള് അഭിനയിച്ച ‘ബാബ’, ‘ദീന’, ‘ബില്ല’, ‘ആളവന്താന്’, ‘വിണ്ണൈത്താണ്ടി വരുവാളാ’, ‘വാരണം ആയിരം’ തുടങ്ങിയ സിനിമകള് അടുത്തിടെ റീറിലീസ് ചെയ്തിരുന്നു.