മുംബൈ: ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി 50 കോടി രൂപ സമാഹരിച്ചതായി അറിയിച്ച് വികാസ് ലൈഫ് കെയർ ലിമിറ്റഡ്. റെഗുലേറ്ററി ഫയലിംഗിലൂടെയാണ് കമ്പനി ഈ കാര്യം അറിയിച്ചത്. മുമ്പ് വികാസ് മൾട്ടികോർപ്പ് എന്നറിയപ്പെട്ടിരുന്ന വികാസ് ലൈഫ് കെയർ ക്യുഐപി വഴി 200 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇത് ക്യുഐപി വഴിയുള്ള ഫണ്ട് സമാഹരണത്തിന്റെ രണ്ടാം ഘട്ടത്തെ അടയാളപ്പെടുത്തുന്നു. അതിന്റെ ആദ്യ ഘട്ടം 2022 ജൂണിലാണ് നടന്നത്. കമ്പനിയുടെ ബോർഡും ഫണ്ട് റെയ്‌സിംഗ് കമ്മിറ്റിയും യോഗ്യതയുള്ള സ്ഥാപന ബയർമാർക്ക് 1 രൂപ മുഖവിലയുള്ള 10,41,66,666 ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നൽകിയിരുന്നു.
ക്യുഐപിയുടെ ഏറ്റവും പുതിയ ഘട്ടത്തിലൂടെ രണ്ട് എഫ്പിഐ വിഭാഗത്തിലെ നിക്ഷേപകർക്ക് ഇക്വിറ്റി ഷെയറിന് 4.8 രൂപ എന്ന നിരക്കിലാണ് കമ്പനി ഓഹരി അനുവദിച്ചത്. ഇത് ഇഷ്യൂവിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്ന 5.03 രൂപയെക്കാൾ 5 ശതമാനം കിഴിവിലാണ്. അതേസമയം വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 1 ശതമാനത്തിന്റെ നേട്ടത്തിൽ 5.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഈ പ്രക്രിയക്ക് കീഴിൽ എജി ഡൈനാമിക് ഫണ്ടിനും സിട്രസ് ഗ്ലോബൽ ആർബിട്രേജ് ഫണ്ടിനും 5,20,83,333 ഓഹരികൾ വീതം അനുവദിച്ചതായി വികാസ് ലൈഫ് കെയർ പ്രസ്താവനയിൽ പറഞ്ഞു. ഇക്വിറ്റി ഷെയറുകളുടെ അലോട്ട്മെന്റിന് അനുസൃതമായി കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റൽ 1,33,12,37,657 രൂപയായി വർദ്ധിച്ചു.