
മുംബൈ: വിരാട് കോലിയ്ക്ക് പങ്കാളിത്തമുള്ള ഗോ ഡിജിറ്റ് ഇന്‍ഷൂറന്‍സ് ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. ഇത് രണ്ടാം തവണയാണ് കമ്പനി ഐപിഒ അപേക്ഷ നല്‍കുന്നത്. ജീവക്കാര്‍ക്ക് നീക്കിവച്ച ഓഹരികള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ആദ്യം സമര്‍പ്പിച്ച രേഖകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തിരിച്ചുനല്‍കിയിരുന്നു.
ഇപ്പോള്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 12.5 ബില്യണ്‍ രൂപയാണ് ഫ്രഷ് ഇഷ്യു വഴി സമാഹരിക്കാനുദ്ദേശിക്കുന്നത്. 109.4 മില്യണ്‍ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വിറ്റഴിക്കും. 2021 ലെ യൂണികോണുകളിലൊന്നായ ഗോ ഡിജിറ്റ് മോട്ടോര്‍, ഹെല്‍ത്ത് , ട്രാവല്‍, ഫയര്‍, സ്മോള്‍ ടിക്കറ്റ് ഇന്‍ഷൂറന്‍സുകള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ്.
വരുമാനത്തിന്റെ പകുതിയിലധികവും മോട്ടോര്‍ ഇന്‍ഷൂറന്‍സില്‍ നിന്നാണ്. കാര്‍, ബൈക്ക്, ഹെല്‍ത്ത്, ട്രാവല്‍ ഇന്‍ഷൂറന്‍സുകളിലായി 20 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്.2022 സാമ്പത്തിക വര്‍ഷത്തില്‍, അറ്റനഷ്ടം കഴിഞ്ഞ വര്‍ഷത്തെ 122.76 കോടി രൂപയില്‍ നിന്ന് 295.86 കോടി രൂപയായി വര്‍ദ്ധിച്ചു.
മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തികള്‍ ഒരു വര്‍ഷം മുമ്പ് 5590.10 കോടി രൂപയായിരുന്നത് 2022 സാമ്പത്തിക വര്‍ഷത്തില്‍ 68 ശതമാനം വര്‍ധിച്ച് 9393.88 കോടി രൂപയായിട്ടുണ്ട്. ഗ്രോസ് റൈറ്റ് പ്രീമിയം (ജിഡബ്ല്യുപി) 3,243.39 കോടിയില്‍ നിന്ന് 5,267.63 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.
ഇന്‍ഷൂറന്‍സ് രംഗത്തെ മുതിര്‍ന്ന വ്യക്തി കാമേഷ് ഗോയല്‍ 2016 ലാണ് ഗോ ഡിജിറ്റ് സ്ഥാപിക്കുന്നത്. പിന്നീട് കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വസ്റ്റയുടെ ഫെയര്‍ഫാക്സ് ഗ്രൂപ്പ്, ക്രിക്കറ്റര്‍ വിരാട് കോലി എന്നിവര്‍ പങ്കാളിത്തം നേടി. കോലി തന്നെയാണ് ബ്രാന്‍ഡ് അംബാസിഡര്‍.
ഫയര്‍ഫാക്സിന് പുറമെ സിക്വായ കാപിറ്റല്‍, എ91 പാര്‍ട്ട്നേഴ്സ്, ഫെയറിംഗ് കാപിറ്റല്‍ എന്നിവയ്ക്ക് കമ്പനിയില്‍ 400 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. മൊത്തം മൂല്യം 4 ബില്ല്യണ്‍ ഡോളര്‍. പ്രമോട്ടര്‍ സ്ഥാപനമായ ഗോ ഡിജിറ്റ് ഇന്‍ഫോ വര്‍ക്ക്സ് സര്‍വീസസ്, നികിത മിഹിര്‍ വഖാരിയ, മിഹിര്‍ അതുല്‍ വഖാരിയ, നികുഞ്ച് ഹിരേന്ദ്ര ഷാ, സോഹാഗ് ഹിരേന്ദ്ര ഷാ, സുബ്രഹ്‌മണ്യം വാസുദേവ, ശാന്തി സുബ്രഹ്‌മണ്യം എന്നിവരാണ് ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കുക.
എയര്‍ലൈനുകളുടെ വിദേശ പറക്കല്‍ ക്വാട്ടയില്‍ മാറ്റം വരുത്താന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു