Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ

മുംബൈ: വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇരു വിമാന കമ്പനികളുടെയും ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഈ മാസം 11 ന് ശേഷം വിസ്താര എയര്‍ലൈന്‍സ് സേവനം അവസാനിപ്പിക്കും.

മാസങ്ങളായി നടക്കുന്ന ലയന നടപടികളുടെ ഭാഗമായി, വിസ്താരയുടെ യാത്രക്കാരില്‍ 2,70,000 പേര്‍ എയര്‍ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. വിസ്താരയുടെ റോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാരില്‍ 45 ലക്ഷം പേര്‍ എയര്‍ ഇന്ത്യയുടെ പ്രോഗ്രാമിലേക്ക് മാറിയിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന്റെ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു.

ലയനത്തിന് ശേഷവും വിസ്താരയുടെ പഴയ റൂട്ടുകളും ഷെഡ്യൂളുകളും തുടരും. ഈ റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ കീഴിലാണ് സര്‍വ്വീസുകള്‍ നടത്തുക. ലയനത്തോടെ 200 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കുണ്ടാകുക.

ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ 90 സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. വിസ്താരയുടെ സ്ഥിരം യാത്രക്കാര്‍ക്ക് പുതിയ മാറ്റങ്ങളെ കുറിച്ച് അറിയിക്കാന്‍ എയര്‍ ഇന്ത്യ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം മുതല്‍ വിസ്താര വിമാനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് എയര്‍ ഇന്ത്യയിലേക്ക് മാറ്റുന്നുണ്ട്. എയര്‍പോര്‍ട്ടുകളില്‍ നിലവിലുള്ള വിസ്താര ചെക്ക് ഇന്‍ പോയിന്റുകളും ടിക്കറ്റിംഗ് ഓഫീസുകളും ക്രമേണ എയര്‍ ഇന്ത്യയുടേതായി മാറും.

വിസ്താര-എയര്‍ ഇന്ത്യ ലയനം വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യത്യസ്തമായ രണ്ട് യാത്രാ സംസ്‌കാരങ്ങളുള്ള എയര്‍ലൈനുകള്‍ ഒന്നിക്കുമ്പോള്‍ യാത്രക്കാരില്‍ ഉണ്ടാകുന്ന പ്രതികരണം നിര്‍ണായകമാകും.

എയര്‍ ഇന്ത്യ പാരമ്പര്യത്തില്‍ ഊന്നിയ, പഴയ രീതിയിലുള്ള സേവനരീതികള്‍ പിന്തുടരുന്ന എയര്‍ലൈനാണ്. വിസ്താരയാകട്ടെ, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ശൈലിയില്‍ കുറെ കൂടി ആധുനിക സേവനമാണ് നല്‍കുന്നത്.

വിസ്താരയുടെ സ്ഥിരം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ രീതികള്‍ ഇഷ്ടപ്പെടുമോ എന്നതാണ് പ്രധാന വെല്ലുവിളി.

അതേസമയം, ഈ വിഷയം ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ലയനത്തിന് ശേഷവും വിസ്താരയിലെ യാത്രാനുഭവം നിലനില്‍ക്കുമെന്നും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

X
Top