വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ടതും മൂന്ന് കിലോമീറ്റര് നീളമുളളതുമായ പുലിമുട്ടിന്റ (ബ്രേക്ക് വാട്ടര്) നിര്മ്മാണം പൂര്ത്തിയാക്കി. ഇതേത്തുടര്ന്ന് വലിയ ബാര്ജുകളില് കണ്ടെയ്നറുകള് എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല് നടത്തുന്ന മുഴുവന് പ്രവര്ത്തനങ്ങളുടെയും ട്രയല് റണ് ജൂണ് രണ്ടാവാരത്തോടെ നടത്തും.
തുടര്ന്ന് കേരളത്തിന്റെ ഓണസമ്മാനമായി അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്ന് മന്ത്രി വി.എന്.വാസവന് പറഞ്ഞു. നിര്മ്മാണം പൂര്ത്തികരിച്ച പുലിമുട്ടും അനുബന്ധ നിര്മ്മാണങ്ങളും കഴിഞ്ഞയാഴ്ച എത്തിച്ച ക്രെയിനുകളും അടക്കം കാണാനെത്തിയതായിരുന്നു മന്ത്രി.
ക്രെയിനുകളെ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്ന കണ്ട്രോള് യൂണിറ്റും അദ്ദേഹം സന്ദര്ശിച്ചു. രാജൃത്തിന് തന്നെ വിലപ്പെട്ട സമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലാവും തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കല് നടത്തുക. കപ്പലില്നിന്ന് കരയിലേക്കും കരയില്നിന്ന് കപ്പലുകളിലേക്കും ചരക്കുകളുടെ കയറ്റിയിറക്കല് നടത്തുന്ന ട്രയല് റണ്ണാവും നടത്തുക. ഇതിനുള്ള എല്ലാ സാങ്കേതിക സംവിധാനവും അനുബന്ധ വിദഗ്ദ്ധരെയും സജ്ജമാക്കിയെന്ന് തുറമുഖ കമ്പനി അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി 32 ക്രെയിനുകളാണ് വേണ്ടത്. ചൈനയില്നിന്ന് കഴിഞ്ഞയാഴ്ച വരെ 27 ക്രെയിനുകളാണ് തുറമുഖത്ത് എത്തിച്ചിട്ടുളളത്. 21- യാര്ഡ് ക്രെയിനുകളും ആറ് ഷിപ്പ് ടു ഷോര് ക്രെയിനുകളുമാണ് വിവിധ കപ്പലുകളില് പലഘട്ടങ്ങളായി എത്തിച്ചത്.
ശേഷിക്കുന്ന രണ്ട് ഷിപ്പ് ടു ഷോര് ക്രെയിനുകളും മൂന്ന് യാര്ഡ് ക്രെയിനുകളും മേയ് 25 നുളളില് തുറമുഖത്ത് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ബൈപ്പാസിനെയും തുറമുഖത്തേയും ബന്ധിപ്പിക്കുന്നതിനുളള റോഡിന്റെ മൂന്നുറ് മീറ്റര് കൂടി പൂര്ത്തികരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി സജി ചെറിയാന്, തുറമുഖ സി.ഇ.ഒ. പ്രദീപ് ജയരാമന്, കോര്പ്പറേറ്റ് അഫയേഴ്സ് മേധാവി ഡോ. അനില് ബാലകൃഷ്ണന്, വിസില് എം.ഡി. ഡോ. ദിവ്യ. എസ്. അയ്യര്, സി.ഇ. ഒ. ശ്രീകുമാരന് കെ. നായര്, തുറമുഖ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് തുടങ്ങിയവര് എത്തിയിരുന്നു