![](https://www.livenewage.com/wp-content/uploads/2025/02/Kerala-Budget.webp)
വിഴിഞ്ഞത്തെ വികസനത്തിനായി ബജറ്റില്‍ സമഗ്ര പദ്ധതികളാണ് പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഭൂമിവാങ്ങാന്‍ കിഫ്ബി വഴി 1000 കോടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
എന്‍എച്ച് 66, ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, കൊല്ലം-കൊട്ടാരക്കര- ചെങ്കോട്ട എന്‍എച്ച് 744, എം സി റോഡ്, മലയോര തീരദേശ ഹൈവേകള്‍, തിരുവനന്തപുരം-കൊല്ലം റെയില്‍പ്പാത, കൊല്ലം- ചെങ്കോട്ട റെയില്‍പ്പാത തുടങ്ങിയ പ്രധാന ഗതാഗത ഇടനാളികള്‍ ശക്തിപ്പെടുത്താന്‍ വളര്‍ച്ച ത്രികോണപദ്ധതി പ്രഖ്യാപനം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പാതയില്‍ ഉടനീളം വിവിധോദ്ദേശ പദ്ധതികള്‍, ഉല്‍പ്പാദന സംരംഭ കേന്ദ്രങ്ങള്‍, സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയവ ആവിഷ്‌കരിക്കുമെന്നും് ധനമന്ത്രി വ്യക്തമാക്കി.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കര്‍മപദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പുതിയ ഐടി പാര്‍ക്കുകള്‍ വരെ വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ട നിര്‍മാണം 2026ല്‍ പൂര്‍ത്തിയാക്കും. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കുകയാണ് ലക്ഷ്യം. ഇതിനമുസൃതമായിട്ടാണ് വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതി.
വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന്റെ ഇരുവശത്തുമായി ടൌണ്‍ഷിപ്പുകള്‍ നിര്‍മിക്കും. കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് 25 ഏക്കറില്‍ 293 കോടിയുടെ ഐടി പാര്‍ക്ക്. കൊല്ലം നഗരത്തിലും പുതിയ ഐടി പാര്‍ക്ക് തുടങ്ങും.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ബജറ്റില്‍ പരാമര്‍ശിച്ചില്ല. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയും അനുവദിച്ചു.