ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖം 2075 വരെ നടത്തുക അദാനി; സര്‍ക്കാരിന് കിട്ടിത്തുടങ്ങുന്നത് 2034 മുതല്‍

തിരുവനന്തപുരം: ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറാൻ ഇനി വർഷങ്ങളുടെ അകലംമാത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയുന്ന തരത്തിൽ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും.

പി.പി.പി. മാതൃകയിൽ പണി പൂർത്തിയായ ആദ്യഘട്ടത്തിൽ തുറമുഖനിർമാണത്തിനു മാത്രം ചെലവഴിച്ചത് 5552 കോടിരൂപ. പൂർണമായും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.

അടുത്തഘട്ടത്തിൽ തുറമുഖ വികസനത്തിനായിമാത്രം അദാനി ഗ്രൂപ്പ് 10,000 കോടി രൂപ മുടക്കും. നിലവിൽ ഒരേസമയം, രണ്ട് കപ്പലുകൾക്ക് അടുക്കാനാകുന്ന 800 മീറ്റർ ബെർത്താണ് നിലവിലുള്ളത്.

അടുത്തഘട്ടത്തിൽ അഞ്ചു വലിയ കപ്പലുകൾക്ക് ഒരേസമയം ബെർത്ത് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് ആവിഷ്കരിക്കുന്നത്. ഈ വർഷംതന്നെ രണ്ടുംമൂന്നുംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുമെന്നും 2028-ൽ പ്രവർത്തനസജ്ജമാകുമെന്നുമാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കുൾപ്പെടെ വൻ മുടക്കുമുതൽ വിഴിഞ്ഞത്ത് എത്തും. ലോജിസ്റ്റിക് ഹബ്ബ്, ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ്, എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ ഉൾപ്പെടെ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ തുടങ്ങിയ പദ്ധതികളും വിഴിഞ്ഞത്ത് വരും.

അടുത്ത രണ്ടുഘട്ടങ്ങളും പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിലേക്ക് എത്തിച്ചേരും. കരാർപ്രകാരം 40 വർഷത്തേക്കാണ് തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നൽകിയിരുന്നത്.

സ്വന്തംനിലയിൽ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷത്തേക്കുകൂടി അദാനി ഗ്രൂപ്പിന് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

ഓഖി, പ്രളയം തുടങ്ങിയ മനുഷ്യ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങൾമൂലമാണ് 2019-ൽ പൂർത്തിയാക്കേണ്ട പദ്ധതി വൈകിയതെന്ന അദാനി ഗ്രൂപ്പിന്റെ വാദം സർക്കാർ അംഗീകരിച്ചിരുന്നു. അതിനാൽ നിർമാണക്കാലയളവ് അഞ്ചുവർഷംകൂടി നീട്ടി നൽകിയിട്ടുമുണ്ട്. ഇതോടെ 2075 വരെ ആകെ 65 വർഷത്തേക്ക് തുറമുഖം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.

നിർമാണക്കാലയളവുൾപ്പെടെ 2034 വരെ ആദ്യത്തെ 15 വർഷം ലാഭവിഹിതം പൂർണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വർഷം മുതൽ ഒരുശതമാനം വീതം ലാഭവിഹിതം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന് (വിസിൽ) നൽകും. ഇത് 40 വർഷം വരെ ഓരോ ശതമാനം വർധിച്ച് 25 ശതമാനം വരെയാകും.

വാണിജ്യപ്രവർത്തനം തുടങ്ങുംമുൻപുതന്നെ ലോകത്തെ പ്രമുഖ കപ്പൽ കമ്പനികൾ വിഴിഞ്ഞത്ത് താത്പര്യം പ്രകടിപ്പിച്ചെത്തുന്നത് ആഗോളരംഗത്തെ പ്രതിസന്ധികൾകൂടി കണക്കിലെടുത്താണ്.

ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും (എം.എസ്.സി.) താമസിയാതെ വിഴിഞ്ഞത്ത് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് നിലവിൽ കൈകാര്യംചെയ്യുന്ന ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളായ കൊളംബോയിലും സിങ്കപ്പൂരിലും ചരക്കിറക്കാൻ നാലും അഞ്ചും ദിവസം പുറങ്കടലിൽ കാത്തുകിടക്കേണ്ടിവരുന്നതാണ് പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് കപ്പൽ കമ്പനികളുടെ ശ്രദ്ധതിരിയാൻ കാരണം.

X
Top