തിരുവനന്തപുരം: ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാക്കാനുള്ള തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്. എല്ലാ മേഖലയിലും നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്.
നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയാക്കാനായി. ബെർത്തിന്റെയും യാർഡിന്റെയും ആദ്യഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. മേയ് മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ പൂർണമായും പ്രവർത്തനസജ്ജമാവുകയാണ് ലക്ഷ്യം.
തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവിൽ 2725 മീറ്റർ പൂർത്തിയായിട്ടുണ്ട്. ഇതിൽ 2585 മീറ്റർ നീളത്തിൽ മണ്ണിട്ട് ബലപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 800 മീറ്റർ ബർത്തിലെ ആദ്യ ഘട്ടത്തിലെ 400 മീറ്റർ പണി പൂർത്തിയായി.
800 മീറ്റർ ദൂരത്തിൽ 615 തൂണുകൾ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. ആകെ 56 ഹെക്ടർ സ്ഥലമാണ് ഡ്രെഡ്ജിങ് നടത്തി കടലിൽനിന്നു വീണ്ടെടുക്കേണ്ടിയിരുന്നത്. ഇതിൽ 53.38 ഹെക്ടർ സ്ഥലം ഡ്രെഡ്ജിങ് ചെയ്ത് മണ്ണിട്ട് നികത്തിയെടുത്തു കഴിഞ്ഞു.
തുറമുഖ നിർമാണത്തിനായി 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളുമുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഇതുവരെ 4 ഷിപ് ടു ഷോർ ക്രെയിനുകളും 11 യാർഡ് ക്രെയിനുകളും എത്തിയിട്ടുണ്ട്. ഇവ അതിന്റെ സ്ഥാനത്ത് ഉറപ്പിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനു പുറമേയുള്ള ക്രെയിനുകൾ ചൈനയിെല ഷാങ്ഹായ് ഷെൻഹുവാ തുറമുഖത്തുനിന്ന് അടുത്ത മൂന്നു മാസത്തിനുള്ളിൽ എത്തും.
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ഇതിൽ 600 മീറ്റർ പൂർണമായും പണി തീർന്നു. മുല്ലൂരിൽനിന്ന് ദേശീയപാതയിലേക്കെത്തുന്ന റോഡുപണിയുടെ ബാക്കിഭാഗത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഈ പാതയിൽ രണ്ടു മേൽപ്പാലങ്ങളുടെ നിർമാണവും പൂർത്തിയായി.
220 കെ.വി.യുടെയും 33 കെ.വി.യുടെയും രണ്ട് സബ് സ്റ്റേഷനുകളുടെയും നിർമാണം നേരത്തെതന്നെ പൂർത്തിയായി.കപ്പലിൽനിന്ന് എത്തുന്ന കണ്ടെയ്നറുകൾ ഇറക്കിവെയ്ക്കാനായി 380000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ് വിഴിഞ്ഞം തുറമുഖത്തിനായി നിർമിക്കാനുള്ളത്.
ഇതിൽ ആദ്യഘട്ടത്തിൽ 75118 ചതുരശ്ര മീറ്റർ പണി പൂർത്തിയായി. തുറമുഖത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി 13 കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇതിൽ പോർട്ട് ഓപ്പറേഷൻ ബിൽഡിങ് ഉൾപ്പെടെ എട്ട് കെട്ടിടങ്ങൾ പൂർത്തിയായിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനമുൾപ്പെടെയുള്ളവയുെട പണി പുരോഗമിക്കുകയാണ്.
സാങ്കേതിക ആവശ്യങ്ങൾക്കായി വേണ്ടുന്ന പൈലറ്റ് കം സർവേ വെസൽ, മൂറിങ് ലോഞ്ചസ് തുടങ്ങിയവ ഉടൻതന്നെ വിഴിഞ്ഞത്ത് എത്തിക്കും. നാവിഗേഷനുള്ള ഉപകരണങ്ങൾ തുറമുഖം സജ്ജമാകുന്ന മുറയ്ക്ക് വിഴിഞ്ഞത്ത് എത്തിച്ച് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
പുറംകടലിൽ എത്തുന്ന ചരക്കുകപ്പലുകൾക്ക് െബർത്തിലേക്കു വഴികാട്ടുന്നത് ടഗ്ഗുകളാണ്. ആകെ നാല് ടഗ്ഗുകളാണ് തുറമുഖത്തിനായി എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്യാധുനിക സജ്ജീകരണമുള്ള ടഗ്ഗുകളാണ് വിഴിഞ്ഞത്തും എത്തിച്ചിരിക്കുന്നത്.
2019-ൽ മൂന്നും 2020-ൽ ഒന്നുമുൾപ്പെടെ നാല് ടഗ്ഗുകളും നേരത്തെതന്നെ എത്തിച്ചിരുന്നു.