
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതിയാക്കി നടത്തിയ അമിതപ്രചാരണം കേന്ദ്രത്തിൽനിന്നുള്ള വായ്പയ്ക്ക് പ്രതിസന്ധിയാകുന്നു.
കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമുള്ള പദ്ധതിയെ സംസ്ഥാനത്തിന്റെമാത്രം വികസനനേട്ടമായി അവതരിപ്പിച്ചുവെന്നാണ് കേന്ദ്രസർക്കാർ ആരോപണം. കേന്ദ്രസഹായം സംസ്ഥാനം രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുന്നുവെന്നാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള വായ്പ ആവശ്യപ്പെട്ടുള്ള ഫയലിൽ കേന്ദ്രം എഴുതിയിരിക്കുന്നത്.
വിഴിഞ്ഞത്ത് ക്രെയിനുമായി ആദ്യ കപ്പൽ എത്തിയത് സർക്കാരിന്റെ വലിയ വികസന നേട്ടമായാണ് സംസ്ഥാനം അവതരിപ്പിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി കപ്പലിനെ സ്വീകരിച്ചു.
പ്രതിപക്ഷവും ബി.ജെ.പി.യും ഇതിനെ രാഷ്ട്രീയ വിവാദമാക്കി. ഇതാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായ പ്രതികരണത്തിന് കാരണമെന്നാണ് സൂചന.
അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാനങ്ങൾക്ക് പലിശരഹിതമായി കേന്ദ്രസർക്കാർ നൽകുന്ന കാപ്പക്സ് (സ്പെഷ്യൽ അസിസ്റ്റൻസ് ഫോർ സ്റ്റേറ്റ്‌സ് ഇൻ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് സകീം) വായ്പയായി ഈ വർഷം 1925 കോടി ലഭിക്കും.
ഇതിൽ 1081 കോടി തുറമുഖ നിർമാണത്തിന് ഉപയോഗിക്കാനായിരുന്നു സംസ്ഥാനത്തിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലുൾപ്പെടാത്ത കാപ്പക്സ് വായ്പ 50 വർഷംകഴിഞ്ഞ് തിരിച്ചടച്ചാൽ മതി.
കാപ്പക്സ് വായ്പയും 817 കോടിയുടെ ഗ്യാപ് വയബിലിറ്റി ഫണ്ടുമുൾപ്പെടെ വിഴിഞ്ഞം തുറമുഖത്തിനുള്ള കേന്ദ്രസഹായം 1898 കോടിയുടേതാകും.
ഇത്രയും തുക നൽകിയിട്ടും കേന്ദ്രപങ്കിനെക്കുറിച്ച് സംസ്ഥാനം മൗനം പാലിക്കുന്നതും കേന്ദ്രത്തിനെ പ്രകോപിപ്പിച്ചു.