ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

വിഴിഞ്ഞം തുറമുഖം 2024 മേയില്‍ കമ്മിഷന്‍ ചെയ്യും: തുറമുഖ മന്ത്രി

തിരുവനന്തപുരം: 7,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിഴിഞ്ഞം തുറമുഖം 2024 മെയ് മാസത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കമ്മീഷൻ ചെയ്യുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

തുറമുഖ നിർമാണത്തിന്റെ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് ഓണ സമ്മാനമായി, തുറമുഖത്തില്‍ ഉപയോഗിക്കാനുള്ള ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള ആദ്യ കപ്പൽ സെപ്തംബറിൽ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

“തുറമുഖത്തിന് 800 മീറ്റർ ബെർത്ത് ഉണ്ടായിരിക്കും, ഇതില്‍ 400 മീറ്റർ പണി പൂർത്തിയായി. ലോകത്തിലെ ഏത് വലിയ കപ്പലിനും 400 മീറ്റർ ബെർത്തിൽ നങ്കൂരമിടാവുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.

3,100 മീറ്ററിൽ ആസൂത്രണം ചെയ്തിട്ടുള്ള ബ്രേക്ക് വാട്ടർ സ്ട്രക്ചർ നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിൽ 2,350 മീറ്റർ പൂർത്തിയായി.

തമിഴ്‌നാട്ടിൽ നിന്ന് കരിങ്കല്ല് കൊണ്ടുവന്നതിനാൽ നിര്‍മാണത്തിന് ദൗര്‍ലഭ്യം നേരിടുന്നില്ല. ആവശ്യത്തിനനുസരിച്ച് കരിങ്കല്ല് എത്തിക്കാന്‍ കേരളത്തിലെ ഏഴ് ക്വാറികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കരി‍ങ്കല്ലിന്‍റെ ലഭ്യത ഉറപ്പാക്കാന്‍ തമിഴ് നാട് മന്ത്രിയെ നേരില്‍ കണ്ടിരുന്നുവെന്നും അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.

തുറമുഖത്തിന്‍റെ നിര്‍മാണ, പരിപാലന ചുമതലയുള്ള അദാനി ഗ്രൂപ്പ് കോമ്പൗണ്ട് ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് അടിക്കടി ഉന്നയിക്കുന്ന ഒരു പ്രശ്നം ഏറക്കുറെ പരിഹരിക്കപ്പെട്ടതായും മന്ത്രി അറിയിച്ചു.

പ്രദേശത്തെ പള്ളി മാറ്റിസ്ഥാപിക്കുന്നതിന് അതിന്‍റെ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നും, ഇതിനായി അവര്‍ മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ കപ്പലുകൾ ഉപയോഗിച്ച് വിഴിഞ്ഞവുമായി ചരക്ക് കണക്റ്റിവിറ്റി സാധ്യമാക്കുന്ന തരത്തില്‍ 17 ചെറിയ തുറമുഖങ്ങൾ വികസിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. ചരക്ക് ഗതാഗതം റോഡുകളിൽ നിന്ന് വലിയ തോതില് മാറ്റുന്നതിലൂടെ വാഹന ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്ന് അഹമ്മദ് ദേവര്കോവില്‍ വ്യക്തമാക്കി.

ഒരു ഷിപ്പിംഗ് കമ്പനി ഇപ്പോള്‍ ഇതിന്‍റെ വിശദമായ പ്രൊജക്റ്റ് റിപ്പോ‍‍ര്‍ട്ട് തയാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിഴിഞ്ഞം തുറമുഖം നിർമിക്കുന്നത്. കമ്മീഷൻ ചെയ്‌താൽ ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി ഇത് മാറും.

2019ൽ കമ്മീഷൻ ചെയ്യാനിരുന്ന പദ്ധതി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ കാരണം വൈകുകയായിരുന്നു.

തുറമുഖ പദ്ധതി തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്ക മുന്നോട്ടുവെച്ച് മത്സ്യത്തൊഴിലാളികളും പദ്ധതിക്കെതിരേ രംഗത്തെത്തിയിരുന്നു.

X
Top