മുംബൈ: ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഇന്നലെ അവസാനിച്ചു. മൂന്നാം ദിവസമായ ഇന്നലെയാണ് 1260 കോടി ഓഹരികൾക്കും പൂർണമായി അപേക്ഷകൾ ലഭിച്ചത്.
എഫ്പിഒക്ക് ഇതുവരെ ലഭിച്ചത് 1.08 മടങ്ങ് അപേക്ഷകൾ. ഇഷ്യൂവിലൂടെ 18,000.00 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡറ്റ്, ഇക്വിറ്റി സംയോജിപ്പിച്ച് 45,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഈ എഫ്പിഒ.
നോൺ-ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർസ് (എൻഐഐ) അവർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗത്തിൻ്റെ 1.37 മടങ്ങ് അപേക്ഷകളാണ് സമർപ്പിച്ചത്.
ക്വാലഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയർമാർ (ക്യുഐബി) അവർക്ക് അനുവദിച്ച ഓഹരികളുടെ 94 ശതമാനം അപേക്ഷകൾ സമർപ്പിച്ചു. റീട്ടെയിൽ നിക്ഷേപകർ 28 ശതമാനം അപേക്ഷകളാണ് സമർപ്പിച്ചിട്ടുള്ളത്.
ആങ്കർ നിക്ഷേപകരിൽ നിന്ന് 5,400 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ട്. ഏകദേശം 74 ആങ്കർ നിക്ഷേപകരിൽ നിന്നാണ് കമ്പനി തുക സ്വരൂപിച്ചത്.
പ്രധാന നിക്ഷേപകരിൽ ജിക്യുജി പാർട്‌ണേഴ്‌സ്, ദി മാസ്റ്റർ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാൻ, യുബിഎസ്, മോർഗൻ സ്റ്റാൻലി ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, ഓസ്‌ട്രേലിയൻ സൂപ്പർ, ഫിഡിലിറ്റി, ക്വാണ്ട്, മോത്തിലാൽ ഓസ്വാൾ എന്നിവർ ഉൾപ്പെടുന്നു. ഓഹരിയൊന്നിന് 11 രൂപ നിരക്കിൽ 491 കോടി ഓഹരികളായിരുന്നു ആങ്കർ നിക്ഷേപകർക്കായി അനുവദിച്ചിരുന്നത്.
ഏപ്രിൽ 18ന് ആരംഭിച്ച ഇഷ്യൂ ഇന്നലെ അവസാനിച്ചു. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഇന്ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 25-ന് ലിസ്‌റ്റ് ചെയ്യും.
ഇഷ്യൂ തുക നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൻ്റെ വിപുലീകരണത്തിനായി ഉപകരണങ്ങൾ വാങ്ങൽ, പുതിയ 4G സൈറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള 4G സൈറ്റുകളുടെയും പുതിയ 4G സൈറ്റുകളുടെയും ശേഷി വികസിപ്പിക്കുക, പുതിയ 5G സൈറ്റുകൾ സ്ഥാപിക്കുക, സ്‌പെക്‌ട്രത്തിനായുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് നൽകാനുള്ള തുക, ബാക്കി നിൽക്കുന്ന ജിഎസ്ടി തുക, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.