ഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ലരാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ്‌ വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്‌കേന്ദ്രബജറ്റിൽ ആദായ നികുതി പുനഃക്രമീകരിച്ചേക്കും; 15 ലക്ഷം രൂപവരെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

പൊതുമേഖലാ എണ്ണക്കമ്പനികളെ വലച്ച് ക്രൂഡോയിൽ ചാഞ്ചാട്ടം

ഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ചരിത്രത്തിലെ ഏറ്റവും ബമ്പർ ലാഭം സ്വന്തമാക്കിയ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് നടപ്പുവർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) തന്നെ വമ്പൻ നഷ്ടം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി/IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിൽ/BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ/HPCL) എന്നിവ 71 മുതൽ 94 ശതമാനം വരെ നഷ്ടമാണ് ഇക്കഴിഞ്ഞ ജൂൺപാദത്തിൽ നേരിട്ടത്.

ഇന്ത്യൻ ഓയിലിന്റെ ഉപകമ്പനികളെ കൂടാതെയുള്ള ലാഭം (standalone net profit) മുൻവർഷത്തെ സമാനപാദത്തിലെ 13,750 കോടി രൂപയിൽ നിന്ന് ഇക്കുറി ജൂൺപാദത്തിൽ 81 ശതമാനം താഴ്ന്ന് 2,643 കോടി രൂപയായി.

ലാഭ മാർജിൻ 5.27 ശതമാനമായിരുന്നത് 4.46 ശതമാനത്തിലേക്ക് താഴ്ന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA) 17.26 ശതമാനം കുറഞ്ഞു. പ്രവർത്തന വരുമാനം (Revenue from operations) രണ്ടുശതമാനം കുറഞ്ഞ് 2.15 ലക്ഷം കോടി രൂപയുമായി.

ഓരോ ബാരൽ ക്രൂഡോയിലും സംസ്കരിച്ച് പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത് വഴിയുള്ള നേട്ടമായ ശരാശരി ഗ്രോസ് റിഫൈനിങ് മാർജിൻ (Average Gross Refining Margin/GRM) 8.34 ഡോളറിൽ നിന്ന് 6.39 ഡോളറായി കുറഞ്ഞത് വരുമാനത്തെയും ലാഭത്തെയും ബാധിച്ചു.

ഉയ‍‍ർന്ന ക്രൂഡോയിൽ വില തിരിച്ചടി
ക്രൂഡോയിൽ വില വർധിച്ചെങ്കിലും ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ‌ വില പരിഷ്കരിക്കാനാകാത്തത് കഴിഞ്ഞപാദത്തിൽ എണ്ണക്കമ്പനികളുടെ ലാഭത്തെയും വരുമാനത്തെയും ബാധിച്ചു. ശരാശരി ജിആർഎം കുറഞ്ഞതാണ് മുഖ്യ തിരിച്ചടി.

2023-24ലെ ജൂൺപാദത്തിൽ ബിപിസിഎല്ലിന്റെ ശരാശരി ജിആർഎം ബാരലിന് 12.64 ഡോളറായിരുന്നു. ഇക്കുറിയത് താഴ്ന്നത് 7.86 ഡോളറിലേക്ക്. ഇതോടെ, ലാഭം (standalone net profit) 10,551 കോടി രൂപയിൽ നിന്ന് 71 ശതമാനം കുറഞ്ഞ് 3,015 കോടി രൂപയായി.

എബിറ്റ്ഡ 62 ശതമാനം താഴേക്കിറങ്ങി. വരുമാനം 1.28 ലക്ഷം കോടി രൂപ നിരക്കിൽ കാര്യമായ മാറ്റമില്ലാതെ നിന്നു.

എച്ച്പിസിഎല്ലിന്റെ ലാഭം 6,203.9 കോടി രൂപയിൽ നിന്ന് കുറഞ്ഞത് 356 കോടി രൂപയിലേക്ക്; ഇടിവ് 94 ശതമാനം. വരുമാനം പക്ഷേ 1.4 ശതമാനം മെച്ചപ്പെട്ട് 1.20 ലക്ഷം കോടി രൂപയായി. എന്നാൽ ശരാശരി ജിആർഎം 7.44 ഡോളറിൽ നിന്ന് 5.03 ഡോളറിലേക്ക് കുറഞ്ഞു.

ക്രൂഡോയിൽ വാങ്ങുന്നതിന് ഉൾപ്പെടെയുള്ള ചെലവുകൾ കൂടിയതും കമ്പനികൾക്ക് തിരിച്ചടിയായി.

കഴിഞ്ഞവർഷം ബമ്പർ ലാഭം, കാരണമിതാണ്
മൂന്ന് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളും കൂടി കഴിഞ്ഞവർഷം (2023-24) നേടിയത് റെക്കോർഡ് 81,000 കോടി രൂപയുടെ ലാഭം. ഇന്ത്യൻ ഓയിൽ സർവകാല റെക്കോർഡായ 39,618 കോടി രൂപയും എച്ച്പിസിഎൽ 14,693 കോടി രൂപയും ബിപിസിൽ 26,673 കോടി രൂപയുമാണ് സ്വന്തമാക്കിയത്.

ക്രൂഡോയിൽ വില കുറഞ്ഞതും എന്നാൽ, ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാതിരുന്നതും എണ്ണക്കമ്പനികൾക്ക് കഴിഞ്ഞവർഷം നേട്ടമാവുകയായിരുന്നു.

2022 മെയ്ക്ക് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികൾ പിന്നീട് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഈ വർഷം മാർച്ച് 15നാണ്. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് കുറച്ചത്.

അതോടെ, കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില). തുടർന്നും, വില മാറ്റമില്ലാതെ തുടരുന്നു.

2022 മെയിൽ രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 110-115 ഡോളർ നിരക്കിലായിരുന്നു. മെയിൽ കേന്ദ്രം എക്സൈസ് നികുതി കുറച്ചതിന്റെ ചുവടുപിടിച്ച് ഇന്ധനവില കുറഞ്ഞതും പിന്നീട് വില പരിഷ്കരിക്കാതിരുന്നതും എണ്ണക്കമ്പനികളെ ബാധിച്ചു.

ആ വർഷം ഏപ്രിൽ-സെപ്റ്റംബറിൽ 21,201 കോടി രൂപയുടെ സംയോജിത നഷ്ടവും എണ്ണക്കമ്പനികൾ നേരിട്ടു.

പിന്നീട് ക്രൂഡോയിൽ വില 80 ഡോളറിന് താഴെ എത്തുകയും റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് കിട്ടുകയും ചെയ്തിട്ടും ഇന്ധനവില പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾ തയ്യാറായില്ല.

ഏപ്രിൽ-സെപ്റ്റംബറിൽ നേരിട്ട നഷ്ടം നികത്തുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെട്ടത്. ഈ തീരുമാനം തുടർന്നുള്ള പാദത്തിൽ മികച്ച വരുമാനത്തിനും ലാഭത്തിനും സഹായിക്കുകയായിരുന്നു.

എന്നാൽ, നടപ്പുവർഷം സ്ഥിതി മാറി. ഡിസ്കൗണ്ട് കുറയുകയും ക്രൂഡോയിൽ വില ഭൗമരാഷ്ട്രീയ സംഘ‍ർഷങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ 85-90 ഡോളർ നിരക്കിലേക്ക് ഉയരുകയും ചെയ്തു.

ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടാൻ കഴിഞ്ഞതുമില്ല. ഇത് ലാഭത്തകർച്ചയ്ക്ക് വഴിവയ്ക്കുകയായിരുന്നു.

X
Top