മുംബൈ: എയർ കണ്ടീഷനിംഗ്, എഞ്ചിനീയറിംഗ് സേവന ദാതാക്കളായ വോൾട്ടാസ് ലിമിറ്റഡ് രണ്ടാം പാദത്തിൽ 6.04 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. 2021 ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 104.29 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടിയിരുന്നതായി വോൾട്ടാസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഉയർന്ന ചെലവുകളും ഒരു കരാർ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒറ്റത്തവണ ചെലവും മൂലം കമ്പനിയുടെ അറ്റാദായം കുത്തനെ ഇടിഞ്ഞതായി വോൾട്ടാസ് അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലെ 1,689.08 കോടിയിൽ നിന്ന് 4.7 ശതമാനം ഉയർന്ന് 1,768.36 കോടി രൂപയായി വർധിച്ചു.
119.87 കോടി രൂപയാണ് രണ്ടാം പാദത്തിലെ വോൾട്ടാസിന്റെ അസാധാരണമായ ഇനങ്ങൾക്കും നികുതിക്കും മുമ്പുള്ള ലാഭം. അസാധാരണമായ ഇനങ്ങളുടെ ചിലവ് 106.43 കോടി രൂപയാണ്. കൂടാതെ കമ്പനിയുടെ മൊത്തം ചെലവ് 6.87 ശതമാനം ഉയർന്ന് 1,683.96 കോടി രൂപയായി.
പ്രസ്തുത പാദത്തിൽ വോൾട്ടാസിന്റെ കംഫർട്ട്, വാണിജ്യ ആവശ്യങ്ങൾക്കുള്ള യൂണിറ്ററി കൂളിംഗ് ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം 1,047.71 കോടി രൂപയായി ഉയർന്നപ്പോൾ ഇലക്‌ട്രോ മെക്കാനിക്കൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 554 കോടി രൂപയായി. ഒപ്പം കമ്പനിയുടെ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വരുമാനം 137.37 കോടി രൂപയാണ്.
വോൾട്ടാസ് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.20 ശതമാനത്തിന്റെ നേട്ടത്തിൽ 909.25 രൂപയിലെത്തി.