മുംബൈ: ആഭ്യന്തര സോളാർ മൊഡ്യൂൾ നിർമ്മാതാക്കളായ വാരി എനർജീസ് സ്വകാര്യ നിക്ഷേപകരിൽ നിന്ന് ഏകദേശം 1,000 കോടി രൂപ സമാഹരിച്ചതായി അതിന്റെ സിഎംഡി ഹിതേഷ് ദോഷി പറഞ്ഞു.
ഇന്ത്യയിലെ ഫോട്ടോവോൾട്ടെയ്‌ക് (പിവി) മൊഡ്യൂളുകൾക്കായുള്ള കമ്പനിയുടെ നിർമ്മാണ ശേഷി നിലവിലെ 5 ജിഗാവാട്ടിൽ നിന്ന് 9 ജിഗാവാട്ടായി വികസിപ്പിക്കാൻ ഈ വരുമാനം ഉപയോഗിക്കുമെന്ന് ദോഷി പറഞ്ഞു. കമ്പനിയുടെ 4 ജിഗാവാട്ട് ശേഷി 2023 ജനുവരിയോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം 5.4 ജിഗാവാട്ട് ശേഷിയുള്ള സോളാർ സെല്ലുകളുടെ നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ ചിക്ലിയിലുള്ള കമ്പനിയുടെ മൊഡ്യൂൾ പ്രൊഡക്ഷൻ സൈറ്റിൽ സ്ഥാപിക്കുമെന്ന് സിഎംഡി പിടിഐയോട് പറഞ്ഞു. നിലവിൽ എച്ച്എൻഐ (ഉയർന്ന സമ്പാദ്യമുള്ള വ്യക്തികൾ) വിഭാഗത്തിൽ നിന്നും സ്വകാര്യ ഓഫീസുകളിൽ നിന്നുമുള്ള സ്വകാര്യ നിക്ഷേപകരിലൂടെയാണ് ഫണ്ടിംഗ് സമാഹരിച്ചതെന്ന് ദോഷി പറഞ്ഞു.
കൂടാതെ സോളാർ പിവി മൊഡ്യൂളുകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിൽ പങ്കാളിയാകാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ദോഷി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മുൻനിര സോളാർ പിവി പാനൽ നിർമ്മാതാക്കളാണ് വാരീ എനർജീസ് ലിമിറ്റഡ്. ഇത് ഇപിസി സേവനങ്ങൾ, പദ്ധതി വികസനം, മേൽക്കൂര പരിഹാരങ്ങൾ, സോളാർ വാട്ടർ പമ്പുകൾ എന്നി സേവനങ്ങൾ നൽകുന്നു.