ന്യൂയോര്‍ക്ക്: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്ക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സ് തീരുമാനം വരാനിരിക്കെ വാള്‍സ്ട്രീറ്റ് ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഊര്‍ജ്ജ ഓഹരികളുടെ പിന്‍ബലത്തിലാണ് സൂചികകള്‍ ശക്തിയാര്‍ജ്ജിച്ചത്. എസ്ആന്റ്പി 500 0.29 ശതമാനം ഉയര്‍ന്ന് 4140.77 ലെവലിലും ഡൗ ജോണ്‍സ് 0.18 ശതമാനം ഉയര്‍ന്ന് 32,969.23 ലെവലിലും നസ്ദാഖ് 100 0.28 ശതമാനം നേട്ടത്തില്‍ 12,917386 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
എസ്ആന്റ്പി500 ലെ എല്ലാ മേഖല സൂചികകളും ഉയര്‍ന്നപ്പോള്‍ ഊര്‍ജ്ജ സൂചിക 1.2 ശതമാനവും റിയല്‍ എസ്‌റ്റേറ്റ് 0.71 ശതമാനവും നേട്ടമുണ്ടാക്കി. ഇന്‍ട്രൂയിറ്റ്, പെലടോണ്‍,തുടങ്ങിയ ഓഹരികളാണ് ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ജാക്ക്‌സ്ണ്‍ ഹോള്‍ കോണ്‍ഫറന്‍സിനുശേഷം ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ വെള്ളിയാഴ്ച നടത്തുന്ന പ്രസ്താവന വിപണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാകും.
നിരക്ക് വര്‍ധന ഏത് വിധത്തിലാകുമെന്നതിന്റെ സൂചന പവലിന്റെ വാക്കുകളിലുണ്ടാകുമെന്ന് കരുതപ്പെടുന്നു. 10,000 ഡോളര്‍ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളിയ പ്രസിഡന്റ് ബൈഡന്റെ നടപടി ഫെഡ് റിസര്‍വിന്റെ തീരുമാനത്തെ ബാധിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തീരുമാനം സര്‍ക്കാറിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെങ്കിലും പണപ്പെരുപ്പം കൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്രബാങ്ക് കര്‍ശനമായ നയങ്ങള്‍ നടപ്പിലാക്കുമെന്ന ആശങ്കയില്‍ എസ്ആന്റ്പി 500 കഴിഞ്ഞ മൂന്ന് സെഷനുകളിലും താഴ്ച വരിച്ചു മാത്രമല്ല, യൂറോപ്പിലെ ഊര്‍ജ്ജ പ്രതിസന്ധിയും ചൈനയിലെ സാമ്പത്തിക മാന്ദ്യവും സൂചികയുടെ പ്രകടനത്തെ ബാധിച്ചു. എന്നാല്‍ ജൂണ്‍ മധ്യത്തിലെ തകര്‍ച്ചയില്‍ നിന്നും ഇതിനോടകം 13 ശതമാനം തിരിച്ചുകയറാന്‍ സൂചികയ്ക്കായിട്ടുണ്ട്.