ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് ചൂടിനിടെ വാള്‍സ്ട്രീറ്റ് സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. എസ് ആന്‍ഡ് പി500 0.56 ശതമാനം ഉയര്‍ന്ന് 3,828.13 പോയിന്റിലും നാസ്ദാഖ് 0.49 ശതമാനം ഉയര്‍ന്ന് 10,616.20 പോയിന്റിലും ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1.02 ശതമാനം ഉയര്‍ന്ന് 33,160.83 പോയിന്റിലും ക്ലോസ് ചെയ്യുകയായിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണയിക്കുന്ന ഇടക്കാല വോട്ടെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടത്തിലായതോടെ 2022 ലെ നഷ്ടം 10 ശതമാനമായി കുറയ്ക്കാന്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജിനായി. ഒക്ടോബറിലെ നഷ്ടത്തില്‍ നിന്നും 7 ശതമാനം ഉയരാന്‍ എസ്ആന്റ്പി500 ന് സാധിച്ചിട്ടുണ്ട്. എസ്ആന്റ്പിയിലെ 11 മേഖലാ സൂചികകളില്‍ 10 എണ്ണവും ചൊവ്വാഴ്ച നേട്ടമുണ്ടാക്കി.
ലോഹം 1.72 ശതമാനമുയര്‍ന്നപ്പോള്‍ 0.92 ശതമാനത്തിലേയ്ക്കായിരുന്നു ഐടി വളര്‍ച്ച. വ്യാഴാഴ്ച പുറത്തുവിടുന്ന പണപ്പെരുപ്പ ഡാറ്റയിലേയ്ക്കാണ് നിക്ഷേപകര്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. വിലകള്‍കുറയുന്ന പക്ഷം ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനയ്ക്ക് ശമനമുണ്ടാകുമെന്ന് അവര്‍ കരുതുന്നു.
ഡിസംബറിലാണ് യു.എസ് കേന്ദ്രബാങ്കിന്റെ ധനനയ യോഗം നടക്കുക. ക്രിപ്‌റ്റോകറന്‍സി സ്‌റ്റോക്കുകള്‍ കൂപ്പുകുത്തിയതും ശ്രദ്ധേയമായി. ബൈനാന്‍സ് എതിരാളിയായ എഫ്ടിഎക്‌സിന്റെ യു.എസ് ഇതര യൂണിറ്റ് വാങ്ങാനിരിക്കെയാണ് ഇത്.
കോയിന്‍ബെയ്‌സ് ഗ്ലോബല്‍, മൈക്രോസ്ട്രാറ്റജി എന്നിവയാണ് താഴ്ചവരിച്ച ക്രിപ്‌റ്റോ സ്‌റ്റോക്കുകള്‍.