
ഇക്വിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് അധികമെന്തെങ്കിലും നേടാനുള്ള പ്രധാനപ്പെട്ട വഴിയാണ്, ചുരുങ്ങിയത് സാധാരണക്കാരെ സംബന്ധിച്ചെങ്കിലും. ഇക്വിറ്റി നിക്ഷേപങ്ങളെ ഗൗരവമായും താല്‍പര്യത്തോടെയും കാണുന്നവര്‍ വളരെ സിസ്റ്റമാറ്റിക്കായ, ശ്രദ്ധയോടുംകൂടിയ ഒരു സമീപനമാണ് ഇത്തരം നിക്ഷേപങ്ങളോട് സ്വീകരിക്കേണ്ടത്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക നഷ്ടമാക്കാതെ ഉയര്‍ന്ന റിട്ടേണുകള്‍ നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ടിപ്‌സുകള്‍ക്ക് പിന്നാലെ പോകരൂത്
ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് പിന്നാലെ പോകുന്ന പത്തില്‍ ഒമ്പതുപേരും ഏതെങ്കിലും അഭ്യുദയകാക്ഷിയില്‍ നിന്നോ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നോ ലഭിച്ച ടിപ്‌സുകളുമായി ഇറങ്ങിത്തിരിച്ചവരാണ്. സമാന്യബുദ്ധിയോടെ ചിന്തിച്ചുനോക്കൂ, നാട്ടിലെ ഹിറ്റായ പഴംപൊരി കച്ചവടക്കാരന്‍ അയാളുടെ പഴംപൊരി റസിപ്പിയുടെ സീക്രട്ട് ലോകത്തിനുമുന്നില്‍ വിളിച്ചുപറയാന്‍ തയ്യാറാകുമോ?
അപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും നേട്ടം കൊയ്യുന്ന ഒരാള്‍ അയാളുടെ ട്രേഡ് സീക്രട്ട് വെളിപ്പെടുത്താന്‍ തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ. സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാതെ ആരെങ്കിലും തരുന്ന ടിപ്പുകള്‍ക്ക് പിന്നാലെ പോയാല്‍ നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിന്റെ കാര്യം ശോകമായിരിക്കും. അതിനാല്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് കമ്പനിയെക്കുറിച്ച് സ്വയം ഒരു റിസര്‍ച്ച് നടത്തണം.
ഫണ്ടമെന്റല്‍ അനാലിസിസാണ് അടിസ്ഥാനം:
റിസര്‍ച്ചിന്റെ കാര്യം പറഞ്ഞല്ലോ, സമഗ്രമായ സാങ്കേതികമായ വിശകലനങ്ങളെല്ലാം കഴിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കാനുള്ള മനസ്ഥിതി എല്ലാവര്‍ക്കുമുണ്ടായിക്കൊള്ളണമെന്നില്ല.
വാറന്‍ ബഫെ മുതല്‍ ചാര്‍ളി മുംന്‍ഗര്‍ വരെയുള്ള ഈ ലോകത്തെ മികച്ച നിക്ഷേപകരെല്ലാം തന്നെ യഥാര്‍ത്ഥ ഫണ്ടമെന്റര്‍ ഇന്‍വെസ്റ്റര്‍മാരാണ്. അതായത് ബിസിനസ് വിശകലനകാര്യങ്ങളില്‍ നിപുണരായവര്‍. തങ്ങള്‍ നിക്ഷേപിക്കാന്‍ പോകുന്ന ബിസിനസിന്റെ എല്ലാ വശങ്ങളും വ്യക്തമായി മനസിലാക്കുകയും പരിശോധിക്കുകയും ചെയ്തതിലൂടെയാണ് അവര്‍ സമ്പത്ത് ഉണ്ടാക്കിയത്.
മാര്‍ക്കറ്റിലുള്ള എല്ലാ കമ്പനിയിലും കയറി നിക്ഷേപിക്കാതെ വളരെ സിസ്റ്റമാറ്റിക് ആയ രീതിയില്‍ നിക്ഷേപിക്കുന്നതാണ് ഒരു നിക്ഷേപകനെ സംബന്ധിച്ച് നല്ലത്. ബ്ലാക്ക് സ്വാന്‍ ഇവന്റ് പോലുള്ള സംഭവങ്ങള്‍, അതായത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അപ്രതീക്ഷിതമായ സാഹചര്യം, ജീവിതത്തില്‍ ഏപ്പോഴെങ്കിലുമേ സംഭവിക്കൂ. അങ്ങനെയൊന്ന് സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കുന്നത് വിഡ്ഢിത്തമാണ്. പകരം, നമ്മള്‍ ചെയ്യേണ്ടത്, അത്തരം സാഹചര്യങ്ങളുണ്ടായാല്‍ പോലും മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയുന്ന തരത്തില്‍ നമ്മുടെ പോര്‍ട്ട്‌ഫോളിയോ (നിക്ഷേപശേഖരം) പ്ലാന്‍ ചെയ്യുകയെന്നതാണ്.
വൈവിധ്യവത്കരണം നല്ലതാണ്, പക്ഷേ അമിതമായി വേണ്ട:
നിങ്ങളുടെ നിക്ഷേപം മുഴുവന്‍ ഏതെങ്കിലും ഒരു ഓഹരിയില്‍ അല്ലെങ്കില്‍ മേഖലയില്‍ നിക്ഷേപിക്കുന്നത് ഏറെ അപകടകരമാണ്. വിവിധ കമ്പനികളിലായി നിക്ഷേപം വൈവിധ്യവത്കരിക്കുന്നതാണ് ബുദ്ധി, ദീര്‍ഘകാലത്തേക്ക് നല്ലതും അതാണ്. എന്നിരുന്നാലും വൈവിധ്യ വത്കരണം ഓവര്‍ ആകരുത്. കാണുന്ന എല്ലാത്തിലും ചെറിയൊരു തുക നിക്ഷേപിക്കുന്നത് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ല.
മറിച്ച് കുറച്ചു കമ്പനികളിലായി മോശമല്ലാത്ത ഒരു തുക നിക്ഷേപിക്കുന്ന രീതിയാണ് നല്ലത്. ഒരുപാട് കമ്പനികളില്‍ ചെറിയ ചെറിയ തുക നിക്ഷേപിക്കുമ്പോള്‍ ഏതെങ്കിലും കമ്പനികളില്‍ നിങ്ങള്‍ നേട്ടമുണ്ടാക്കിയാലും മറ്റു കമ്പനികളിലുണ്ടാക്കിയ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ അവസാനം നേട്ടമൊന്നുമുണ്ടാക്കിയില്ലെന്ന അവസ്ഥ വരും.
എത്രത്തോളം നഷ്ടപ്പെടുമെന്ന് എപ്പോഴും മനസിലുണ്ടാവുക:
ഒരു സാധാരണ നിക്ഷേപകന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ നിന്ന് എപ്പോള്‍ പുറത്തേക്ക് വരണമെന്ന് ആലോചിച്ച് ഉറപ്പിച്ചിരിക്കണം. ഉദാഹരണത്തിന് 20-30% ലാഭമുണ്ടായാല്‍ നിക്ഷേപം വില്‍ക്കണമെന്ന് വിചാരിച്ചിട്ടുണ്ടാവും എന്നാല്‍ മാന്ദ്യമുണ്ടാവുമ്പോള്‍ എന്തു ചെയ്യണമെന്നതില്‍ ധാരണയുണ്ടാവില്ല. പകരം വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അതില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണ് ചെയ്യുക. ഇത് പൊതുവില്‍ പലരും ചെയ്യുന്ന ഏറ്റവും അപകടകരമായ അബദ്ധമാണ്.
നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് എത്രത്തോളം നഷ്ടം സഹിക്കാനാകുമെന്ന ബോധ്യം നേരത്തെയുണ്ടെങ്കില്‍ നിക്ഷേപിക്കാനും മെച്ചപ്പെടാനും അയാള്‍ക്ക് കുറേയേറെ അവസരങ്ങള്‍ ലഭിക്കും. ലാഭം എത്രത്തോളമാകാമെന്ന പരിധി നിശ്ചയിച്ചിട്ടില്ലെങ്കില്‍ അയാള്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടങ്ങള്‍ (ഓഹരിവിലയുടെ പതിന്മടങ്ങ്) കൊയ്യാനും പോര്‍ട്ട്‌ഫോളിയോ പതിന്മടങ്ങ് വര്‍ധിപ്പിക്കാനും കഴിഞ്ഞേക്കാം.