മുംബൈ: വാരീ എനര്‍ജീസിന്റെ(Waree Energies) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/ipo) ഒക്‌ടോബര്‍ മധ്യത്തില്‍ നടത്തിയേക്കും. സോളാര്‍ പിവി മോഡ്യൂള്‍സ്(Solar pv Modules) ഉല്‍പ്പാദകരായ വാരീ എനര്‍ജീസിന് സെബിയില്‍(Sebi) നിന്നും ഐപിഒയ്‌ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
നിലവില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ള കമ്പനിയായ വാരീ റിന്യൂവബ്‌ള്‍ ടെക്‌നോളജീസിന്റെ പിതൃസ്ഥാപനമാണ് വാരീ എനര്‍ജീസ്.
3000 കോടി രൂപയാണ് കമ്പനി പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളും കൈവശമുള്ള ഓഹരികളുടെ വില്‍പ്പന നടത്തും.
ഒഡീഷയില്‍ വിവിധ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാരീ എനര്‍ജീസ് 6750 കോടി രൂപയാണ് വരുമാനം കൈവരിച്ചത്. മുന്‍വര്‍ഷം 2854 കോടി രൂപയായിരുന്നു വരുമാനം. ഇക്കാലയളവില്‍ ലാഭം അഞ്ചിരട്ടി വളര്‍ന്നു.
79.6 കോടി രൂപയില്‍ നിന്നും 500.2 കോടി രൂപയായാണ് ലാഭം വളര്‍ന്നത്.
യുഎസ്സിലേക്കുള്ള കയറ്റുമതിയാണ് വാരീ എനര്‍ജിയുടെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ വരുമാനത്തിന്റെ 73 ശതമാനവും ലഭിച്ചത് കയറ്റുമതിയില്‍ നിന്നാണ്.
ഇതില്‍ 65 ശതമാനവും യുഎസ്സിലേക്കുള്ള കയറ്റുമതിയാണ്.