
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊച്ചി വാട്ടർമെട്രോയുടെ മാതൃകയില്‍ നടപ്പാക്കുന്ന ജലഗതാഗത പദ്ധതിയില്‍ ഇടംനേടി ആലപ്പുഴയും. കേരളത്തില്‍നിന്ന് കൊല്ലം നേരത്തേ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനൊപ്പം ആലപ്പുഴയില്‍ കൂടി വാട്ടർമെട്രോ നടപ്പാക്കാനാണ് നീക്കം.
സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
കൊച്ചി മെട്രോയുടെ നേതൃത്വത്തിലായിരിക്കും സാധ്യതാപഠനം നടത്തുക. പദ്ധതി നടപ്പാക്കുന്നതില്‍ അന്തിമ തീരുമാനമായാല്‍ വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആർ.) തയ്യാറാക്കും.
കൊച്ചിയുടെ വാട്ടർമെട്രോ വിജയകരമെന്ന് കണ്ടതോടെ രാജ്യത്ത് 17 സ്ഥലങ്ങളില്‍ ഇതേ മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
കേന്ദ്രം കഴിഞ്ഞ നവംബറിലാണ് കൊച്ചി മെട്രോയോട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വാട്ടർമെട്രോ നടപ്പാക്കുന്നതിന് സാധ്യതാപഠനം നടത്താൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു.
അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, ഗുവാഹാട്ടി, കൊല്ലം, കൊല്‍ക്കത്ത, പട്ന, പ്രയാഗ് രാജ്, ശ്രീനഗർ, വാരാണസി, മുംബൈ, വസായ്, ലക്ഷദ്വീപ്, അന്തമാൻ എന്നിവിടങ്ങളാണ് വാട്ടർമെട്രോയ്ക്കായി പരിഗണനയിലുള്ളത്.
രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയാണ് കൊച്ചിയിലേത്. 2023 ഏപ്രിലിലാണ് വാട്ടർമെട്രോയുടെ സർവീസ് തുടങ്ങിയത്. കഴിഞ്ഞവർഷം അവസാനം വരെയുള്ള കണക്കനുസരിച്ച് വാട്ടർമെട്രോയില്‍ 35 ലക്ഷത്തോളം പേരാണ് യാത്ര ചെയ്തത്.
കൊച്ചിയില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് വാട്ടർമെട്രോ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.