Alt Image
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖല

വയനാട് പുനരധിവാസ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും അടക്കമുള്ള പ്രഖ്യാപനങ്ങൾ കാത്ത് അടുത്ത സംസ്ഥാന ബജറ്റ്.

വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇപ്പോൾ നൽകുന്ന 1600 രൂപ ക്ഷേമ പെൻഷനിൽ 100 രൂപ വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നു.

മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാം ബജറ്റിനായുള്ള ചർച്ചകൾക്കു തുടക്കമിട്ടിട്ടുണ്ട്. ട്രേഡ് യൂണിയനുകൾ, സർവകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവരുമായുള്ള ചർച്ചകൾ പൂർത്തിയാക്കി.

സാമ്പത്തിക വിദഗ്ധരും വ്യവസായികളും മറ്റുമായുള്ള ചർച്ച വരുംനാളുകളിൽ നടക്കും. എല്ലാ വകുപ്പുകളോടും ബജറ്റിലേക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം അവസാനമോ ഫെബ്രുവരി ആദ്യവാരമോ ബജറ്റ് അവതരിപ്പിച്ചേക്കും.

വയനാട് പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ ഇതുവരെ സഹായം അനുവദിക്കാത്തതിനാൽ സ്വന്തം നിലയ്ക്ക് 2000 കോടിയിലേറെ രൂപ കണ്ടെത്തുകയെന്ന വെല്ലുവിളി സർക്കാരിനു മുന്നിലുണ്ട്. അതിനാൽ വയനാട് പാക്കേജിനൊപ്പം അതു നടപ്പാക്കുന്നതിനുള്ള ധനസമാഹരണ മാർഗങ്ങളും ബജറ്റിലൂടെ കണ്ടെത്തേണ്ടതുണ്ട്.

പ്രളയത്തിൽനിന്നു കരകയറാൻ ജിഎസ്ടി കൗൺസിലിന്റെ അനുമതിയോടെ പ്രളയ സെസ് നടപ്പാക്കിയെങ്കിലും വയനാടിനായി അതു സാധ്യമാകുമെന്ന പ്രതീക്ഷ സർക്കാരിനില്ല. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതികൾക്കു മേൽ സെസ് ചുമത്തുകയാണ് ഒരു മാർഗം. ഇതിനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പകരം ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെൻഷൻ തുക ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, കേന്ദ്രം ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.

സംസ്ഥാനത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളെങ്കിലും ബജറ്റിൽ മന്ത്രിക്കു പ്രഖ്യാപിക്കേണ്ടി വരും. മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയതു പോലെ 2 ഗഡു ക്ഷാമബത്ത (ഡിഎ) സർക്കാർ ജീവനക്കാർക്കു നൽകുമെന്ന ഉറപ്പ് ബജറ്റിലും ആവർത്തിക്കും.

ഇൗ വർഷം നൽകിയ 2 ഗഡു ഡിഎയുടെ 78 മാസത്തെ കുടിശികയുടെ കാര്യത്തിൽ ബജറ്റിൽ പ്രഖ്യാപനമുണ്ടായില്ലെങ്കിൽ ആ തുക ഇനി കിട്ടില്ലെന്ന് ജീവനക്കാർക്ക് ഉറപ്പിക്കാം. 19% ഡിഎ ജീവനക്കാർക്കു നൽകാനുമുണ്ട്.

X
Top