ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീറെക്‌സിന് ഇടപാടിന്റെ 54 ശതമാനം നഷ്ടമായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കമ്പനിയില്‍ നടത്തിയ റെയ്ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് നിക്ഷേപകരെ അകറ്റിയത്. ഓഗസ്റ്റ് 5 ലെ 4.3 മില്യണ്‍ ഡോളറില്‍ നിന്ന് 2 മില്യണ്‍ ഡോളറായി വ്യാപാരം കുറയുകയായിരുന്നു.
വസീറെക്‌സിന്റെ മാതൃസ്ഥാപനമായ സാന്‍മായിയില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്ററ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് 4.67 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഇഡി തയ്യാറായി. ഇതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരുകയും നിക്ഷേപകര്‍ അകലുകയുമായിരുന്നു.
മാത്രമല്ല, റെയ്ഡിനെ തുടര്‍ന്ന് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവും ഉടലെടുത്തു. വസീറക്‌സിന്റെ മാതൃസ്ഥാപമായ സാന്‍മായിയില്‍ തങ്ങള്‍ക്ക് നിക്ഷേപമില്ലെന്ന വെളിപെടുത്തലുമായി യു.എസ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബൈനാന്‍സ് രംഗത്തെത്തി. ഇക്കാര്യം അറിയിച്ച് ബൈനാന്‍സ് സിഇഒ ചിങ് പെങ് ട്വീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ബൈനാന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന് തങ്ങളെന്ന കാര്യം ആവര്‍ത്തിക്കുകയാണ് വസീറെക്‌സ് സിഇഒ നിശ്ചല്‍ ഷെട്ടി. ഇതുമായി ബന്ധപ്പെട്ട് ബൈനാന്‍സുമായുണ്ടാക്കിയ കരാറിന്റെ കോപ്പി കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ അത് ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിപ്‌റ്റോകറന്‍സി നടത്തിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇഡി സന്‍മായിയില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന്,4.67 കോടി രൂപയുടെ ബാങ്ക് ആസ്തികള്‍ മരവിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.