ന്യൂഡല്‍ഹി: മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വീണ്ടും തുറന്നതായി രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം വസീറെക്‌സ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനുവദിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെകമ്പനിയ്ക്ക് ബാങ്ക് ഇടപാടുകള്‍ തുടരാനാകും.
സംശയാസ്പദ ഇടപാടുകള്‍ മരവിപ്പിച്ചതോടെയാണ് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാന്‍ ഇഡി അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പ് ഇഡി കമ്പനി ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീറെക്‌സിന് ഇടപാടിന്റെ 54 ശതമാനം നഷ്ടമായി. മാത്രമല്ല, ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുകയും ചെയ്തു. വസീറക്‌സിന്റെ മാതൃസ്ഥാപമായ സാന്‍മായിയില്‍ നിക്ഷേപമില്ലെന്ന വെളിപെടുത്തലുമായി യു.എസ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബൈനാന്‍സ് രംഗത്തെത്തിയപ്പോള്‍ വസീറെക്‌സ് സിഇഒ നിശ്ചല്‍ ഷെട്ടി ഇക്കാര്യം നിഷേധിച്ച് പ്രസ്താവനയിറക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബൈനാന്‍സുമായുണ്ടാക്കിയ കരാറിന്റെ കോപ്പി കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ അത് ഹാജരാക്കുമെന്നും ഷെട്ടി അവകാശപ്പെട്ടു. ക്രിപ്‌റ്റോകറന്‍സി നടത്തിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇഡി സന്‍മായിയില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന്,4.67 കോടി രൂപയുടെ ബാങ്ക് ആസ്തികള്‍ മരവിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.