മുംബൈ: പുതിയ 500 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ.
500 ജെറ്റുകൾ വാങ്ങാൻ ഇൻഡിഗോ വിമാന നിർമ്മാതാക്കളുമായി ചർച്ച നടത്തുന്നുവെന്ന് റിപ്പോർട്ടിനെ തുടർന്നാണ് ബജറ്റ് കാരിയറായ ഇൻഡിഗോ ഇക്കാര്യത്തിൽ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
എന്നാൽ അടുത്ത ഘട്ട വളർച്ച ആസൂത്രണം ചെയ്യുന്നതിനാൽ നിർമ്മാതാക്കളുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് കമ്പനിയുടെ പ്രതിനിധി അറിയിച്ചു. എങ്കിലും ഞങ്ങൾ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഊഹാപോഹങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും പുതിയ തീരുമാനങ്ങളുണ്ടാകുമ്പോൾ വിവരങ്ങൾ പങ്കിടുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
2019-ൽ ഇൻഡിഗോ 300 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിന് പിന്നാലെ 500 പുതിയ വിമാനങ്ങൾക്കും ഓർഡർ നൽകിയിരുന്നുവെന്നും 2030-ഓടെ ഇവ ലഭിക്കുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് 840 വിമാനങ്ങൾ വാങ്ങുന്നതിന് എയർബസും ബോയിംഗുമായി കരാറായെന്ന് എയർഇന്ത്യ വ്യക്തമാക്കിയിരുന്നു. 370 വിമാനങ്ങൾ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇൻഡിഗോയുടെ ആഭ്യന്തര എതിരാളിയായ എയർ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത് ആയിരുന്നു ഇൻഡിഗോയുടെ നീക്കം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ലെന്ന ഇൻഡിഗോയുടെ പുതിയ വെളിപ്പെടുത്തൽ എയർഇന്ത്യയ്ക്ക് ആശ്വാസമാകും.
നിലവിൽ 26 അന്താരാഷ്‌ട്ര നഗരങ്ങൾ ഉൾപ്പെടെ 102 നഗരങ്ങളിലേക്ക് ഇൻഡിഗോയ്ക്ക് പ്രതിദിനം 1,800 സർവീസുകളുണ്ട്. ഇന്ത്യൻ വ്യോമയാനരംഗത്ത് 56.1 ശതമാനം വിപണിവിഹിതവും ഇൻഡിഗോയ്ക്ക് സ്വന്തമാണ്.
എയർ ഇന്ത്യ 10 ശതമാനത്തോളം വിഹിതവുമായി മൂന്നാം സ്ഥാനത്താണ്.