തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹികസുരക്ഷാ പെൻഷൻ നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു.
സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിലും അതിനുവേണ്ട പണത്തിലും വർധനയുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം. 59 ലക്ഷംപേർക്ക് പെൻഷൻ നൽകാൻ മാസം 850 കോടിരൂപയാണ് ഇപ്പോൾവേണ്ടത്.
ഇതിനായി പ്രത്യേകം വായ്പയെടുക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞതും സാമ്പത്തിക പ്രതിസന്ധിയും കാരണം യഥാസമയം പണം കണ്ടെത്താനാവാത്തതിനാൽ ക്ഷേമപെൻഷൻ വിതരണം ഇപ്പോൾ വൈകുകയാണ്.
ഇ.പി.എഫ്. പെൻഷൻ വാങ്ങുന്നവർക്ക് പെൻഷൻ തുക എത്രയെന്ന് നോക്കാതെ 1600 രൂപ ക്ഷേമപെൻഷൻ നൽകിവന്നിരുന്നു. ഇ.പി.എഫ്. പെൻഷനായി തുച്ഛമായ തുകമാത്രം ലഭിക്കുന്നവർക്ക് ഇത് ആശ്വാസമായിരുന്നു. എന്നാൽ, ഇ.പി.എഫ്. പെൻഷൻകാരെ പല വിഭാഗങ്ങളായി തിരിച്ച് ക്ഷേമപെൻഷൻ നിയന്ത്രിക്കാനാണ് ധനവകുപ്പിന്റെ പുതിയ തീരുമാനം.
നിയന്ത്രണം ഇങ്ങനെ
1) കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും എക്സിക്യുട്ടീവ്, സ്റ്റാഫ് തസ്തികകളിൽനിന്ന് വിരമിച്ചവരിൽ 4,000 രൂപവരെ ഇ.പി.എഫ്. പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനായി 600 രൂപ മാത്രമേ ലഭിക്കൂ.
ഈ വിഭാഗത്തിൽ 4,000ന് മുകളിൽ പെൻഷൻ കിട്ടുന്നവർക്ക് സാമൂഹിക സുരക്ഷാപെൻഷന് അർഹതയുണ്ടാവില്ല. എന്നാൽ, ഇവർക്ക് ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള 600 രൂപ പെൻഷന് അർഹതയുണ്ടായിരിക്കും.
2) 4,000 രൂപവരെ ഇ.പി.എഫ്. പെൻഷൻ ലഭിക്കുന്ന വിരമിച്ച തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പെൻഷനോ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ക്ഷേമപെൻഷനോ ഏതെങ്കിലും ഒന്ന് പൂർണമായി ലഭിക്കും. ഇതിനുമുകളിൽ ഇ.പി.എഫ്. പെൻഷൻ കിട്ടുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനോ ക്ഷേമപെൻഷനോ 600 രൂപമാത്രമേ കിട്ടൂ.
ഇ.പി.എഫ്. പെൻഷൻകാരിൽ എത്രപേർക്ക് സുരക്ഷാ, ക്ഷേമപെൻഷൻ ലഭിക്കുന്നുവെന്ന് വ്യക്തമല്ല. ഇതിന്റെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ശേഖരിക്കാൻ ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം.) ധനവകുപ്പ് നിർദേശം നൽകി. ഇതനുസരിച്ച് പെൻഷൻതുക പുനഃക്രമീകരിക്കും.