
പെൻഷൻതുകയിൽ ചെറിയൊരു വർധനയെങ്കിലും പ്രതീക്ഷിച്ചിരുന്ന 62 ലക്ഷം ക്ഷേമപെൻഷൻകാരെ പൂർണമായും നിരാശപ്പെടുത്തുന്നതായി സംസ്ഥാന ബജറ്റ്. ജീവനക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ചു ചില പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ പൂർണമായും നിരാശരാക്കി.
നിലവിലെ 1,600 രൂപ പെൻഷൻ തുകയിലെ കുടിശികയിൽ മൂന്നു ഗഡു സമയബന്ധിതമായി കൊടുത്തു തീർക്കും എന്നു മാത്രമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക ഇനത്തിൽ നല്ലൊരു തുക അടുത്ത രണ്ടുമാസത്തിനകം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ച അദ്ദേഹം, സാമൂഹ്യ ക്ഷേമ പെൻഷൻകാർക്കായി ഈ സാമ്പത്തിക വർഷം എന്തെങ്കിലും നീക്കിവെച്ചതായി കാണുന്നില്ല.
ആദായനികുതി ദായകരായ ഇടത്തരകാർക്ക് വൻ ഇളവു നൽകിയപ്പോഴും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കാണാതെ പോയ കേന്ദ്രസർക്കാരിന്റെ നയത്തിൽ നിന്ന് എന്തു വ്യത്യാസമാണ് സംസ്ഥാന സർക്കാരിന്റേത് എന്ന ചോദ്യവും ഉയരും.
പെൻഷൻതുകയിൽ നൂറോ ഇരുന്നൂറോ രൂപയുടെ വർധന ഉണ്ടാകുമെന്ന സുചനയെ തുടർന്ന് വലിയ പ്രതീക്ഷയിലായിരുന്നു സാമൂഹ്യ ക്ഷേമ പെൻഷൻകാർ. ആ പ്രതീക്ഷകളാണ് പാടെ തകർന്നത്. 2021ലാണ് ഇതിനു മുൻപ് ക്ഷേമപെൻഷൻ വർധന നടപ്പാക്കിയത്.
കിട്ടാനുള്ള കുടിശിക എങ്കിലും വരും മാസങ്ങളിൽ കിട്ടുമോ എന്നു ഉറ്റുനോക്കിയിരിക്കുന്നവരെ സർക്കാർ നിരാശപ്പെടുത്തില്ലെന്നു കരുതാം.