വിദേശങ്ങളിൽ സൂക്ഷിക്കുന്ന കരുതൽസ്വർണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്ര സർക്കാർ വൻതോതിൽ തിരിച്ചു കൊണ്ടുവരുന്നതിനു പിന്നിലെന്ത് ?
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്ന് രണ്ടു മാസം മുമ്പ് നൂറിലേറെ ടൺ കരുതൽ സ്വർണം രാജ്യത്ത് തിരിച്ചെത്തിച്ചതായി റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഭൗമ രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിനാണ് രാജ്യത്തിന്റെ സ്വർണം സ്വദേശത്തുതന്നെ സൂക്ഷിക്കുന്നതെന്നാണ് റിസർവ് ബാങ്ക് അവകാശപ്പെടുന്നത്.
അതേസമയം, വിദേശത്തുള്ള റഷ്യയുടെ വിദേശനാണ്യശേഖരം മരവിപ്പിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് ചില വാർത്തകൾ വന്നിരുന്നു. എന്നാൽ, ആർ.ബി.ഐ ഈ വാദം അംഗീകരിക്കുന്നില്ല.
വിനിമയത്തിനും കറൻസി പരസ്പര കൈമാറ്റത്തിനും സഹായകമായതിനാലാണ് വിദേശബാങ്കുകളിൽ കരുതൽ സ്വർണം സൂക്ഷിക്കുന്നത്.
ഇന്ത്യയിൽ തന്നെ ആവശ്യത്തിന് സൂക്ഷിപ്പുകേന്ദ്രങ്ങളുള്ളതിനാലാണ് കരുതൽ സ്വർണം തിരിച്ചുകൊണ്ടുവരുന്നത്. ഇതിന് മറിച്ചൊരു അർഥം നൽകേണ്ടതില്ല’ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഇന്ത്യയുടെ സ്വർണക്കണക്ക്
ആകെ സ്വർണ കരുതൽ ശേഖരം 857.7 ടൺ
ഇന്ത്യയിൽ സൂക്ഷിക്കുന്നത് 510.5 ടൺ
(കൂടുതലും മുംബൈയിൽ)
സ്വദേശത്തേക്ക് തിരിച്ചെത്തിച്ചത്
2022 ഏപ്രിൽ-2024 സെപ്റ്റംബർ 112.1 ടൺ
2024-25 സാമ്പത്തിക വർഷം 102.2 ടൺ
വിദേശത്തെ ഇന്ത്യയുടെ കരുതൽ സ്വർണ ശേഖരം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് 314 ടൺ
ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റ്ൽമെന്റ്സ് ബേസൽ (സ്വിറ്റ്സർലൻഡ്), ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് 10 ടൺ
തിരിച്ചുകൊണ്ടുവരുന്നതിനുള്ള കാരണങ്ങൾ
പടിഞ്ഞാറൻ രാജ്യങ്ങളിലെ റഷ്യൻ ആസ്തികൾ മരവിപ്പിക്കപ്പെട്ടത് മറ്റു രാഷ്ട്രങ്ങളെയും മാറ്റിച്ചിന്തിപ്പിക്കുന്നു.
വിദേശത്ത് സൂക്ഷിക്കാനുള്ള ഇൻഷുറൻസ്, സംഭരണ ഫീസ് തുടങ്ങിയവ ലാഭിക്കാം.
വ്യത്യസ്ത കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതിലൂടെ അപകട സാധ്യത കുറക്കാം.
തൊണ്ണൂറ്റൊന്നിലെ ‘സ്വർണപ്പറക്കൽ’
1991ൽ രാജ്യം വൻ വിദേശനാണ്യ ക്ഷാമം നേരിട്ടപ്പോൾ, അടിയന്തര ഫണ്ട് സ്വരൂപിക്കാൻ ഈടായി നൽകാൻ 87 ടൺ സ്വർണം വിദേശങ്ങളിലേക്ക് കൊണ്ടുപോയതാണ് ഈ സംഭവം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് 47 ടണ്ണും 20 ടൺ യൂനിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലാൻഡിലേക്കുമായി കൊണ്ടുപോയത്.
1991 നവംബറോടെ വായ്പ തിരിച്ചടച്ചുവെങ്കിലും ഭാവി ഉപയോഗങ്ങൾ മുന്നിൽ കണ്ട് വിദേശങ്ങളിൽതന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.