
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും ഒരു മാസത്തില്‍ എത്ര ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിയുമെന്നതില്‍ പരിധിനിശ്ചയിക്കുമെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു. വൈകാതെ തന്നെ ഇത് നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് വാട്ട്‌സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസുകള്‍ക്ക് ഒരു ദിവസം അയക്കാന്‍ കഴിയുന്ന മാര്‍ക്കറ്റിംഗ് മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ വാട്ട്‌സ്ആപ്പ് ഇതിനോടകം തന്നെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വലിയൊരു കൂട്ടം ആളുകളിലേക്ക് വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ മെസേജുകള്‍ അയക്കണമെങ്കില്‍ സ്റ്റാറ്റസ്, ചാനലുകള്‍ പോലെയുള്ള മറ്റ് സാധ്യതകളെ ആശ്രയിക്കേണ്ടി വരുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. നിലവില്‍ വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിയും.
എന്നാല്‍, കൂടുതല്‍ ഫീച്ചറുകള്‍ അടങ്ങിയ പണമടച്ചുള്ള പതിപ്പ് അവതരിപ്പിക്കാനും മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഉത്പന്നങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍, ഹോളിഡേ സെയില്‍ എന്നിവ പോലെയുള്ള കാര്യങ്ങള്‍ക്ക് കസ്റ്റമൈസ്ഡ് ബ്രോഡ്കാസ്റ്റ് മെസേജുകള്‍ വരും മാസങ്ങളില്‍ മെറ്റ പരീക്ഷിക്കും. വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ സന്ദേശങ്ങള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് വയ്ക്കാനുള്ള സംവിധാനവും മെറ്റ പരീക്ഷിച്ചേക്കും.
ഇതിന് പുറമെ വ്യാപാരികള്‍ക്ക് 250 കസ്റ്റമൈസ്ഡ് മെസേജുകള്‍ സൗജന്യമായി ലഭിക്കുന്ന ഒരു പൈലറ്റ് ടെസ്റ്റും വാട്ട്‌സ്ആപ്പ് നടത്തും. 250 മെസേജുകള്‍ക്ക് ശേഷം വരുന്ന അധിക സന്ദേശങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും. എങ്കിലും ഈ മെസേജുകള്‍ക്ക് എത്ര പണം നല്‍കണമെന്ന കാര്യത്തില്‍ വാട്ട്‌സ്ആപ്പ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
ഒരു സന്ദേശത്തിനുള്ള മറുപടികള്‍ ഒറ്റയിടത്തേക്ക് സംയോജിപ്പിക്കുന്ന പുതിയൊരു ഫീച്ചര്‍ ഈ മാസം ആദ്യം മുതല്‍ വാട്ട്‌സ്ആപ്പ് പരീക്ഷിച്ചു വരുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.
വീഡിയോ കോള്‍ എടുക്കുന്നതിന് മുമ്പ് ഉപയോക്താക്കളെ കാമറ ഓഫ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.