തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നിൽ കടുത്ത പ്രതിസന്ധി ഉയരുന്നു. ഒരേസമയം നയപരവും സാമ്പത്തികവുമായ വെല്ലുവിളിയാണ് കേരള സർക്കാർ നേരിടുന്നത്.
മേയ് മാസത്തിൽ 15,000-ത്തിലധികം സർക്കാർ ജീവനക്കാൻ വിരമിക്കാനിരിക്കവേ പെൻഷൻ ആനുകൂല്യങ്ങളുടെ വിതരണം മുടങ്ങുമോയെന്ന ആശങ്കയും വർധിക്കുന്നു. കടമെടുത്താലും ഇല്ലെങ്കിലും സർക്കാർ ഇപ്പോൾ നേരിടുന്നത് കനത്ത വെല്ലുവിളി.
വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തെ തുറിച്ചുനോക്കുന്നു. മേയ് മാസത്തിനൊടുവിൽ സർവീസിൽ നിന്നും വിരമിക്കാൻ പോകുന്ന സർക്കാർ ജീവനക്കാർക്ക് നൽകേണ്ട പെൻഷൻ ആനുകൂല്യങ്ങളുടെ സാമ്പത്തിക ഭാരമാണ് സംസ്ഥാന സർക്കാരിനെ പിടിച്ചുലയ്ക്കുന്നത്.
പ്രതിസന്ധി മറികടക്കുന്നതിനായി കടം എടുത്താലും ഇല്ലെങ്കിലും സംസ്ഥാന സർക്കാർ നട്ടംതിരിയുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇതോടെ സർവീസിൽ നിന്നും വിരമിക്കാനിരിക്കുന്ന ഒരുവിഭാഗം സർക്കാർ ജീവനക്കാർ ആശങ്കയിലാണ്.
എന്താണ് കാരണം?
നടപ്പ് സാമ്പത്തിക വർഷക്കാലയളവിൽ (2024 ഏപ്രിൽ – 2025 മാർച്ച്) മൊത്തം 22,000-ത്തിലധികം ജീവനക്കാരാണ് സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ 15,000-ത്തോളം പേരും വിരമിക്കുന്നത് മേയ് മാസത്തിലാണ്.
അതായത്, ഈ സാമ്പത്തിക വർഷത്തിനിടെ ആകെ വിരമിക്കുന്ന സർക്കാർ ജീവനക്കാരിലെ പകുതിയിലധികം പേരും മേയ് മാസത്തിൽ തന്നെ പിരിയുന്നതാണ് സംസ്ഥാന സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതെന്ന് സാരം.
എന്തുകൊണ്ട് പ്രതിസന്ധി?
മാറ്റിവെക്കാൻ കഴിയാത്ത ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് പ്രതിമാസ ചെലവുകൾക്കൊപ്പം 15,000-ത്തിലധികം ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്ക് മാത്രമായി 7,000 കോടിയിലിധികം രൂപ കൂടി മേയ്, ജൂൺ മാസങ്ങളിലായി കണ്ടെത്തണം എന്നതാണ് സംസ്ഥാന സർക്കാരിന് വെല്ലുവിളിയാകുന്നത്.
ഇപ്പോൾ സർവീസിൽ നിന്നും പിരിയുന്ന ജീവനക്കാരന് ശരാശരി 30 ലക്ഷം രൂപയാണ് പെൻഷൻ ആനുകൂല്യങ്ങളായി ലഭിക്കാനുള്ളത്.
നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് കടം എടുക്കാവുന്ന പരിധി കേന്ദ്ര സർക്കാർ ഇതുവരെ നിർണയിച്ചു നൽകിയിട്ടില്ല. ഇതിനകം കടമെടുക്കാൻ അനുവദിച്ച 3,000 കോടി രൂപയും സംസ്ഥാന സർക്കാർ വിനിയോഗിച്ചു കഴിഞ്ഞു.
ഇതോടെ മേയ് മാസത്തിൽ വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനു മാത്രമായി വലിയ തുക എങ്ങനെ കണ്ടെത്തുമെന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.
കടം എടുത്താലും വെല്ലുവിളി
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനായി കൂടുതൽ തുക കടമെടുക്കുന്നത് പ്രായോഗികമല്ല.
കൂടാതെ ഇത്രയും വലിയ തുക സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടമെടുത്താൽ, തുടർന്നുള്ള മാസങ്ങളിലെ ശമ്പളവും ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെയുള്ള സർക്കാർ ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനുമായി മറ്റ് മാർഗങ്ങൾ തെരയേണ്ടിവരും.
പോംവഴിയുണ്ടോ?
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയായി വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങുകയോ നീട്ടിവെക്കുകയോ ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മേയ്, ജൂൺ മാസം കടന്നുകിട്ടാൻ കടുത്ത വെല്ലുവിളിയാണ് സർക്കാർ നേരിടുന്നത്.
ഒന്നുകിൽ പെൻഷൻ ആനുകൂല്യത്തിന്റെ വിതരണത്തിന് സാവകാശം ചോദിക്കുകയോ അല്ലെങ്കിൽ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തലോ ആണ് മുന്നിലുള്ള പരിഹാര മാർഗങ്ങൾ.
എന്നാൽ മൂന്ന് വർഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയായി തുടരുന്ന വേളയിൽ സംസ്ഥാന സർക്കാർ പെൻഷൻ ആനുകൂല്യങ്ങൾക്ക് സാവകാശം ചോദിച്ചാൽ എത്ര ജീവനക്കാർ സഹകരിക്കുമെന്ന് കണ്ടുതന്നെ അറിയണം.
അതുപോലെ പെൻഷൻ പ്രായം വർധിപ്പിക്കണമെങ്കിൽ ഈമാസം തന്നെ വിഷയത്തിൽ തീരുമാനം എടുത്ത് ഉത്തരവിറങ്ങണം. മേയ് 20ന് മുൻപ് തീരുമാനം എടുത്താൽ മാത്രമേ ഈമാസം തന്നെ നടപടിക്രമം പൂർത്തിയാക്കാനും കഴിയുകയുള്ളു.
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിലാണ്. പെൻഷൻ വർധന സംബന്ധിച്ച തീരുമാനം ഇടതു മുന്നണിയിലും ചർച്ച ചെയ്യേണ്ടതുണ്ട്.
കൂടാതെ, ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും ആവശ്യമാണ്.
ചുരുക്കത്തിൽ കടം എടുത്താലും ഇല്ലെങ്കിലും ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മുന്നിലുള്ളത് കടുത്ത വെല്ലുവിളിയാണെന്ന് സാരം.