ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റ് മാസത്തില്‍ 12.41 ശതമാനമായി കുറഞ്ഞു. ജൂലൈയിലെ 13.93 ശതമാനം
എന്ന തോതില്‍ നിന്നാണ് ഓഗസ്റ്റില്‍ 12.41 ശതമാനമായി മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) കുറഞ്ഞത്. ഇതോടെ തുടര്‍ച്ചയായ 17 മാസത്തില്‍ മൊത്തവില സൂചിക പണപ്പെരുപ്പം രണ്ടക്കം കടന്നു.
മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഒരുവര്‍ഷം മുന്‍പാണ് പണപ്പെരുപ്പം ആദ്യമായി 10.74 ശതമാനമായത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഓഗസറ്റ് 2022 ല്‍ 7 ശതമാനമായിരുന്നു.
ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തവില ഓഗസ്റ്റില്‍ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍ മാസത്തെ 10.78 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഉയരുകയായിരുന്നു. മാനുഫാക്ച്വറിംഗ് ഉത്പന്നങ്ങളുടെ വില ജൂലൈയിലെ 8.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.5 ശതമാനവും പ്രാഥമിക സാധനങ്ങളുടെ വിലനിലവാരം മുന്‍ മാസത്തെ 15.04 ശതമാനത്തില്‍ നിന്ന് 14.9 ശതമാനവുമായി കുറഞ്ഞു.
പച്ചക്കറി വില നിലവാരം ജൂലൈയിലെ 18.3 ശതമാനത്തില്‍ നിന്നും 22.3 ശതമാനം, ധാന്യങ്ങള്‍ -9.8 ശതമാനത്തില്‍ നിന്ന് 11.8 ശതമാനം, ഭക്ഷ്യേതര വസ്തുക്കള്‍- 12.8 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായി താഴ്ച, ഇന്ധനവും ഊര്‍ജ്ജവും -ജൂലൈയിലെ 43.7 ശതമാനത്തില്‍ നിന്ന്് 33.7 ശതമാനമായി താഴ്ച എന്നിങ്ങനെയാണ് മറ്റ് മൊത്തവില സൂചിക നിരക്കുകള്‍.