റിസര്‍വ് ബാങ്കിന്റെ ധനകാര്യ നയ സമിതി യോഗം ഫെബ്രുവരി ഏഴിന് ചേരാനിരിക്കെ ഏതാണ്ട് അഞ്ച് വര്‍ഷത്തിനു ശേഷം പലിശനിരക്ക് കുറയ്‌ക്കാന്‍ തയാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം കാരണം പലിശനിരക്ക് കുറയ്‌ക്കുന്നതിന് വിമുഖത കാട്ടിയ ആര്‍ബിഐ ഇത്തവണ നിലപാട് മാറ്റുമോ എന്നാണ് അറിയേണ്ടത്.
ഡിസംബറില്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്‌ജയ് മല്‍ഹോത്ര സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ചേരുന്നധനകാര്യ നയ സമിതി യോഗമാണ് ഫെബ്രുവരി ഏഴിന് നടക്കുന്നത്. നിലവില്‍ 6.25 ശതമാനമാണ് റെപ്പോ നിരക്ക്.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ധനകമ്മി 4.4 ശതമാനം ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് പലിശനിരക്ക് കുറയ്‌ക്കാന്‍ കളമൊരുങ്ങിയെന്ന വാദമാണ് ചില അനലിസ്റ്റുകള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 4.8 ശതമാനം ധനകമ്മിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം നാല് മാസത്തെ താഴ്‌ന്ന നിലയിലാണെങ്കിലും ഫെബ്രുവരി 7ന് നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ എന്താകുമെന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്‌ധര്‍ ഭിന്ന അഭിപ്രായത്തിലാണ്.
കറന്‍സിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളും യുഎസിലെ മാറ്റങ്ങള്‍ പോലുള്ള ആഗോള അനിശ്ചിതത്വങ്ങളും കാരണം ചിലര്‍ ഇപ്പോഴത്തെ നിരക്ക് തുടരുമെന്ന അനുമാനത്തിലെത്തിലെത്തുമ്പോള്‍ മറ്റൊരു വിഭാഗം വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതിന് കാല്‍ ശതമാനം നിരക്ക് കുറയ്‌ക്കുമെന്ന് കരുതുന്നു.